![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2025/02/1b3a440_ftp-import-images-1-j1zhoponoanv-5944570-01-06.jpg?resize=664%2C443&ssl=1)
ഗാസ നിർജനമാകും എന്ന് ആദ്യം രേഖപ്പെടുത്തപ്പെട്ടത് ബൈബിളിൽ പഴയനിയമത്തിൽ സെഫാനിയയുടെ പുസ്തകത്തിൽ രണ്ടാം അധ്യായത്തിൽ നാലാം വാക്യത്തിലാണ്. ഇപ്പോൾ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ നിർജനമായ ഗാസയെ സ്വന്തമാക്കാൻ ഇറങ്ങിയിരിക്കുന്നു.
ഗാസ അമെരിക്ക സ്വന്തമാക്കിയാൽ പലസ്തീൻ ജനതയ്ക്ക് അവിടേയ്ക്കു മടങ്ങാൻ അവകാശമുണ്ടായിരിക്കില്ലെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഭാവിയിലേയ്ക്കുള്ള റിയൽ എസ്റ്റേറ്റ് വികസനം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസ് ചാനലിനു വേണ്ടി ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ഗാസ താൻ സ്വന്തമാക്കുമെന്നും ഗാസയ്ക്കു പുറത്ത് ആറു വ്യത്യസ്ത സ്ഥലങ്ങളിലായി പലസ്തീൻ ജനതയ്ക്ക് താമസിക്കാനാകുമെന്നും ട്രംപ് വിശദീകരിച്ചു. എന്നാൽ ട്രംപിന്‍റെ ഈ നീക്കങ്ങളെ അറബ് രാജ്യങ്ങൾ ശക്തമായി എതിർക്കുന്നു.
ഗാസയിലെ ജനങ്ങൾക്ക് പാർപ്പിട സൗകര്യമൊരുക്കുമെന്നും പലസ്തീൻ ജനതയ്ക്ക് ഗാസയിലേയ്ക്കു തിരിച്ചു വരാനാകുമോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പലസ്തീൻ വംശജർക്ക് സ്ഥിര താമസത്തിനു സൗകര്യം നൽകണമെന്നും നിലവിൽ ഗാസ വാസയോഗ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഗാസയുമായി ബന്ധപ്പെട്ട ഈ പദ്ധതി ട്രംപ് വെളിപ്പെടുത്തിയത്. തൊട്ടു പിന്നാലെ പലസ്തീൻ ജനത ട്രംപിനെതിരെ വിമർശനവുമായി എത്തി.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന പലസ്തീൻ ജനതയെ ഈജിപ്റ്റും ജോർദ്ദാനും ഏറ്റെടുക്കണമെന്നതാണ് ട്രംപിന്‍റെ ആവശ്യം.
ട്രംപിന്‍റെ ഈ തീരുമാനം നടപ്പായാൽ അതു ബാധിക്കുക 20 ലക്ഷത്തിനു മീതെ വരുന്ന പലസ്തീനികളെയാണ്.