മനാമ> ഗാസയില്‍ വെടിനിര്‍ത്തലിനായി ഹമാസും ഇസ്രയേലുമായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നത് ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പാര്‍ടികള്‍ സന്നദ്ധതയും ഗൗരവവും പ്രകടിപ്പിക്കുന്നതുവരെ ഹമാസും ഇസ്രായേലും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം 10 ദിവസം മുമ്പ് ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചിരുന്നതായും മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി പറഞ്ഞു. വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് ഖത്തര്‍ പിന്മാറിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഹമാസിന്റെ രാഷ്ട്രീയ ഓഫീസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നില്ല എന്ന് ഖത്തര്‍ അറിയിച്ചതായ റിപ്പോര്‍ട്ടുകളും ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
മധ്യസ്ഥ ശ്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഖത്തറിന്റെ തീരുമാനത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ തങ്ങളോട് പോകാന്‍ ആരും പറഞ്ഞിട്ടില്ലെന്നും ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ദോഹയിലെ ഹമാസ് ഓഫീസിന്റെ തുടര്‍ പ്രവര്‍ത്തനം ഇനി പ്രയോജനകരമല്ലെന്നും ഹമാസ് പ്രതിനിധി സംഘത്തെ പുറത്താക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം രണ്ടാഴ്ച മുമ്പ് ഖത്തറിനെ അറിയിച്ചിരുന്നതായി മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടബോറില്‍ ഗാസ യുദ്ധം ആരംഭിച്ചശേഷം വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായി ഇസ്രയേലിനും ഹമാസിനുമിടയിലുള്ള പ്രധാന മധ്യസ്ഥനാണ് ഖത്തര്‍. കരാറിനായി നിരവധി തവണയാണ് ഖത്തര്‍ ചര്‍ച്ച നടത്തിയത്. ഇത് വിജയം കാണാത്ത സാഹചര്യത്തിലാണ് ഖത്തര്‍ താല്‍ക്കാലികമായി മധ്യസ്ഥ ശ്രമം നിര്‍ത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ