• Sat. Nov 29th, 2025

24×7 Live News

Apdin News

ഗോവ ഫിലിം ഫെസ്റ്റിവല്‍ എഐ ഹാക്കത്തോണില്‍ പുരസ്‌കാരം നേടി ഇന്‍ഡിവുഡിന്റെ ‘ബീയിംഗ്’

Byadmin

Nov 29, 2025


ആര്‍ട്ടിഫിഷ്യല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്‍ഡിവുഡ് നിര്‍മിച്ച ‘ബീയിംഗ്’ എന്ന ചലച്ചിത്രം ഗോവയില്‍ നടക്കുന്ന 56-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഭാഗമായി നടന്ന സിനിമാ- എ ഐ ഹാക്കത്തോണ്‍ 2025-ലെ ‘മികച്ച എഐ. വിഷ്വലൈസ്ഡ് ഫിലിം’ പുരസ്‌കാരം കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച 500-ലധികം എന്‍ട്രികളില്‍നിന്നാണ് ഇന്‍ഡിവുഡ് നേട്ടം സ്വന്തമാക്കിയത്. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ദൃശ്യസാങ്കേതികതയില്‍ ഏറെ മുന്നേറിയ ഇന്‍ഡിവുഡിന്റെ പരിശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് പുരസ്‌കാരം.

ചലച്ചിത്രനിര്‍മാണത്തില്‍ നിര്‍മിതബുദ്ധിക്കുള്ള സര്‍ഗാത്മക സാധ്യതകളെ അനാവരണംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എഫ്ഡിസി, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയുമായി കൈകോര്‍ത്ത്, ഐഎഫ്എഫ്‌ഐ ഇന്ത്യയില്‍ ആദ്യമായി ‘സിനിമാ എഐ ഹാക്കത്തോണ്‍’ എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയിലെ ‘ആദ്യത്തെ എഐ ഫിലിം ഫെസ്റ്റിവല്‍’ എന്നു വിശേഷിപ്പിക്കാവുന്ന ചലച്ചിത്രോത്സവം, നിര്‍മിത ബുദ്ധിയും സര്‍ഗാത്മകതയും സമന്വയിപ്പിച്ച് ഐഎഫ്എഫ്‌ഐ 2025- ന്റെ ഒരു പ്രധാന ആകര്‍ഷണീയതയായി മാറി.

വടക്കന്‍ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ബീയിംഗ്’, ബാല്യകാലത്തെ പേടി സ്വപ്‌നങ്ങള്‍ പിന്നീട് ജീവിതത്തിന് കരുത്തായി തീര്‍ന്ന എങ്ങനെയെന്ന് മനോഹരമായി പറഞ്ഞുവയ്ക്കുന്നു. മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും ക്ഷേത്രത്തിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വപ്‌നങ്ങളെ ഉപബോധമനസ്സ് ഭയത്തിന്റെയും വിഭ്രമത്തിന്റേയും കാണാക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പിന്നീട് ലഭിക്കുന്ന ഉള്‍ക്കാഴ്ചയും തിരിച്ചറിവും പ്രതിരൂപങ്ങളെ ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകങ്ങളായി ബോധമനസ്സിലൂടെ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവാണ് ‘ബീയിംഗ്’ എന്ന ചിത്രത്തിന്റെ പ്രമേയം.

നവംബര്‍ 25-ന്, ഫിലിം ബസാറിലെ വേവ്സ് വേദിയിലാണ് ‘ബീയിംഗ്’ പ്രദര്‍ശിപ്പിച്ചത്. ഓര്‍മകളെക്കുറിച്ചുള്ള തനതായ ദൃശ്യാവിഷ്‌കരണത്തിനും, സര്‍ഗാത്മകമായ വ്യാഖ്യാനത്തിനും ചിത്രം വലിയ പ്രശംസ ഏറ്റുവാങ്ങി. ‘അവാര്‍ഡ് ഇന്‍ഡിവുഡിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതല്‍ പ്രചോദനമാണെന്നും, നാഴികക്കല്ലാണെന്നും ഇന്‍ഡിവുഡിന്റെ സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് പറഞ്ഞു. എഐ അധിഷ്ഠിത സര്‍ഗാത്മകതയിലൂടെ സിനിമയുടെ, ഭാവി പര്യവേക്ഷണം ചെയ്യാനുള്ള ദൃഢനിശ്ചയത്തെ അംഗീകാരം ശക്തിപ്പെടുത്തുന്നു. സാങ്കേതികവിദ്യയെ സിനിമാ മേഖലയില്‍ എത്രത്തോളം മനോഹരമായി ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് ‘ബീയിംഗ്’ നമുക്ക് ചൂണ്ടിക്കാട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു.

വണ്ടര്‍വാള്‍ മീഡിയ നെറ്റ്വര്‍ക്കിന് കീഴില്‍ ബിച്ചു വേണുവിന്റെ ക്രിയേറ്റീവ് സഹകരണത്തോടെ സുമേഷ് ലാല്‍ ആണ് ചിത്രത്തിന്റെ ആശയം രൂപപ്പെടുത്തിയത്. ആല്‍ബി നടരാജ് ആണ് ദൃശ്യപരമായി രൂപകല്‍പ്പന ചെയ്തത്. സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമായ ഇന്‍ഡിവുഡ്, സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് നിരവധി അവസരങ്ങളാണ് ഇതിനോടകം ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര സഹനിര്‍മാണം, ചലച്ചിത്ര നിര്‍മാണങ്ങള്‍, കലാപ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പരിപാടികള്‍, ചലച്ചിത്ര വ്യവസായ പരിപാടികള്‍, ചലച്ചിത്ര വ്യവസായ പരിപാടികള്‍, പുത്തന്‍ സാങ്കേതികവിദ്യ പ്രോത്സാഹനം എന്നിവയില്‍ സജീവമാണ്. സ്വന്തമായി ആശയങ്ങളും ഉള്ളടക്കങ്ങളുമുള്ള പ്രതിഭകളെ ആഗോളതലത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനും വേദിയൊരുക്കുകയും ചെയ്യുന്നു.

By admin