Posted By: Nri Malayalee
January 19, 2025
സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ഒമാന്‍. ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗള്‍ഫ് രാജ്യം യുഎഇയും. 2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരമാണിത്. ജീവിതച്ചെലവ് സൂചികയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമതെത്തി.
തൊട്ടുപിന്നാലെ ബഹ്റൈനും തുടര്‍ന്ന് ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ഒടുവില്‍ ഒമാന്‍ സുല്‍ത്താനേറ്റ് എന്നിവയുമാണ്. രാജ്യത്തെ ശരാശരി വാടക, പലചരക്ക് സാധനങ്ങളുടെ വിലകള്‍, റസ്റ്റോറന്റ് വിലകള്‍, പാദേശിക കറന്‍സിയുടെ ശരാശരി വാങ്ങല്‍ ശേഷി, ശരാശരി ശമ്പളം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ഷിക സൂചിക തയ്യാറാക്കുന്നത്.
ജീവിതച്ചെലവ് സൂചികയില്‍ ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ യുഎഇ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 30-ാം സ്ഥാനത്തുമാണ്. ശരാശരി 54.1 പോയിന്റുമായാണ് ഏറ്റവും ചെലവ് കൂടിയ രാജ്യമായി യുഎഇ മേഖലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 48.3 പോയിന്റുമായി ബഹ്റൈന്‍ ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 38-ാം സ്ഥാനത്തുമാണ്.
47.5 പോയിന്റുമായി ഖത്തറാണ് ജീവിതച്ചെലവിന്റെ കാര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ മൂന്നാം സ്ഥാനത്താണ്. അറബ് ലോകത്ത് നാലാം സ്ഥാനത്തും ആഗോളതലത്തില്‍ 40-ാം സ്ഥാനത്തുമാണ് ഖത്തര്‍. സൗദി അറേബ്യ 41.9 പോയിന്റുകളുമായി ഗള്‍ഫ് മേഖലയില്‍ നാലാം സ്ഥാനത്തും അറബ് മേഖലയിലും അഞ്ചാം സ്ഥാനത്തും ആഗോളതലത്തില്‍ 56-ാം സ്ഥാനത്തുമാണ്. ആകെ 40.4 പോയിന്റുകളുമായി കുവൈറ്റാണ് ഗള്‍ഫില്‍ അഞ്ചാം സ്ഥാനത്ത്. അറബ് ലോകത്ത് ആറാം സ്ഥാനത്തും ആഗോളതലത്തില്‍ 60-ാം സ്ഥാനത്തുമാണ്.
2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരം ജീവിതച്ചെലവിന്റെ കാര്യത്തില്‍ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ഗള്‍ഫ് രാജ്യം ഒമാനാണ്. ശരാശരി 39.8 പോയിന്റുകളുമായി ഗള്‍ഫില്‍ അത് ആറാം സ്ഥാനത്തും അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോളതലത്തില്‍ 62-ാം സ്ഥാനത്തുമാണ്. ഉയര്‍ന്ന ജീവിതച്ചെലവിന്റെ കാര്യത്തില്‍ അറബ് ലോകത്ത് യെമന്‍ രണ്ടാം സ്ഥാനത്തും, പലസ്തീന്‍ എട്ടാം സ്ഥാനത്തും, ലെബനന്‍ ഒമ്പതാം സ്ഥാനത്തും, സൊമാലിയ പത്താം സ്ഥാനത്തുമാണുള്ളത്.