
ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത 49.4 ഓവറിൽ 228 റൺസിന് ഓൾഔട്ടായി.
ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്കു നൽകിയത്. 36 പന്തിൽ ഏഴു ഫോർ ഉൾപ്പെടെ 41 റൺസെടുത്ത് രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 9.5 ഓവറിൽ 69 റൺസിലെത്തിയിരുന്നു. തുടർന്ന് വിരാട് കോലിയെ കൂട്ടുപിടിച്ച് 43 റൺസ് കൂട്ടുകെട്ട് കൂടി ഗിൽ സൃഷ്ടിച്ചു.
റൺ നിരക്ക് ഉയർത്താൻ ബുദ്ധിമുട്ടിയ കോലി 38 പന്തിൽ ഒരു ഫോർ ഉൾപ്പെടെ 22 റൺസെടുത്ത് പുറത്തായി. പിന്നാലെ, 69 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അമ്പത് തികയ്ക്കുമ്പോൾ, അദ്ദേഹത്തിന്‍റെ ഏകദിന കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറിയായിരുന്നു അത്.
എന്നാൽ, കോലിക്കു പിന്നാലെ ശ്രേയസ് അയ്യർ (15), അക്ഷർ പട്ടേൽ (8) എന്നിവർ വേഗത്തിൽ മടങ്ങിയത് ഇന്ത്യൻ ആരാധകരെ ആശങ്കയിലാക്കി.
നേരത്തെ, 35 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് ടീമിനെ ഒരു പരിധി വരെ കരകയറ്റിയത് തൗഹീദ് ഹൃദോയിയും ജാക്കർ അലിയും ഒരുമിച്ച 154 റൺസിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്. 118 പന്തിൽ ആറ് ഫോറും രണ്ടു സിക്സും സഹിതം 100 റൺസെടുത്താണ് ഹൃദോയ് പുറത്തായത്. അലി 114 പന്തിൽ നാല് ബൗണ്ടറി സഹിതം 68 റൺസും നേടി.
പത്തോവറിൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ ബൗളിഹ് ഹീറോ. ഹർഷിത് റാണ 31 റൺസിന് മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ 43 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളത്തിലിറക്കിയ ടീമിന്‍റെ ഘടനയിൽ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും ഹർഷിത് റാണയും ന്യൂബോൾ കൈകാര്യം ചെയ്തു. മൂന്നാം പേസറായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുണ്ട്.
കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചപ്പോൾ, ലെഫ്റ്റ് ആം സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും കളിക്കുന്നു.
ടീമുകൾ ഇങ്ങനെ:
ഇന്ത്യ – രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി.
ബംഗ്ലാദേശ് – തൻസിദ് ഹസൻ, സൗമ്യ സർക്കാർ, നജ്മുൾ ഹുസൈൻ ഷാന്‍റോ (ക്യാപ്റ്റൻ), തൗഹിദ് ഹൃദോയ്, മുഷ്ഫിക്കർ റഹിം (വിക്കറ്റ് കീപ്പർ), ജാക്കർ അലി, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്താഫിസുർ റഹ്മാൻ.