
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാകിസ്ഥാനിൽ കളിക്കേണ്ടെന്ന ഇന്ത്യയുടെ തീരുമാനത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ടീമുമായോ ബിസിസിഐയുമായോ ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാംപ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്ത്യയുടേതൊഴികെ മറ്റെല്ലാം പാകിസ്ഥാനിലാണ് നടന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്.
ഇന്ത്യൻ കളിക്കാർ എവിടെ കളിക്കാൻ ആവശ്യപ്പെട്ടാലും പോയി കളിക്കണം. അവർ ക്രിക്കറ്റിൽ മാത്രമേ ശ്രദ്ധിക്കാവൂവെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ടാറ്റ സ്റ്റീൽ ട്രെയിൽബ്ലേസേഴ്‌സ് സ്‌പോർട്‌സ് കോൺക്ലേവിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം ദുബായിൽ കളിക്കുന്നതിലൂടെ ഇന്ത്യൻ ടീമിന് എന്തെങ്കിലും പ്രത്യേക നേട്ടം ലഭിച്ചിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. പാക്കിസ്ഥാനിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചേനെ. മറ്റ് ടീമുകൾ 350 ന് മുകളിൽ സ്കോർ ചെയ്യുന്ന പിച്ചുകൾ കോലിക്കും രോഹിതിനും ഗില്ലും അടക്കം താരങ്ങൾക്ക് നഷ്ടമായി. തുടർച്ചയായി മൂന്ന് ഐസിസി ടൂർണമെന്റുകളിൽ ഫൈനലിലെത്തിയ ടീം ഇന്ത്യയുടെ പ്രകടനം ദൈർഘ്യമേറിയ ഫോർമാറ്റിൽ ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.