
അൺറീഡ് ചാറ്റ് സമ്മറി അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഉപയോക്താക്കൾ റീഡ് ചെയ്യാത്ത മെസ്സേജുകളുടെ സംഗ്രഹം മെറ്റ എ ഐ വഴി ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിലൂടെ ഉപയോക്താകൾക്ക് വ്യക്തിഗത ചാറ്റുകളുടെയോ , ഗ്രൂപ്പ് ചാറ്റുകളിലെയോ മെസ്സേജുകൾ സ്ക്രോൾ ചെയ്ത് കണ്ടെത്താതെ എ ഐ സഹായത്തോടെ വിവരങ്ങൾ ലഭ്യമാകും.
ഇംഗ്ലീഷ് ഭാഷയിലുള്ള വിവരങ്ങൾ മാത്രം ലഭ്യമാകുന്നതിനാൽ നിലവിൽ യു എസ്സിലെ ഉപയോക്താക്കൾക്കായാണ് ഇപ്പോൾ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ചാറ്റ് ബോക്സുകളിൽ കൂമ്പാരമായി മെസ്സേജുകൾ വരുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല , എന്നാൽ ഇനി അവയെ സംഗ്രഹിച്ച് ഓരോ പോയിന്റുകളാക്കി നൽകാൻ മെറ്റ എ ഐ യ്ക്ക് കഴിയും. ഇതിലൂടെ ചാറ്റുകളിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വേഗത്തിൽ മനസിലാക്കാൻ സഹായിക്കും.
ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് മെറ്റ ഉറപ്പ് നൽകുന്നു.സ്വകാര്യ പ്രോസസിങ് ഉപയോഗിച്ചാണ് മെസ്സേജ് സമ്മറിസ് ഫീച്ചർ പ്രവർത്തിക്കുന്നത്.മെറ്റയ്ക്കോ വാട്സ്ആപ്പിനോ മെസ്സേജുകളിലെ ഉള്ളടക്കം കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും , വിവരങ്ങൾ മറ്റ് സെർവറുകളിലേക്ക് കൈമാറുകയോ, കമ്പനി സിസ്റ്റങ്ങൾക്ക് നൽകുകയോ ചെയ്യാതെയാണ് ഡാറ്റ പ്രോസസിങ് നടക്കുന്നതെന്നും മെറ്റ പറയുന്നു.സമ്മറി ചാറ്റിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോക്താവിന് മാത്രമേ കാണാൻ സാധിക്കൂ.ഗ്രൂപ്പ് , പേഴ്സണൽ ചാറ്റുകളിലെ മെസേജുകളുടെ സംഗ്രഹം ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രമേ മറ്റുള്ളവർക്കും കാണാനാകു. ഇത് ഒരു ഓപ്ഷണൽ ഫീച്ചറായിട്ടാണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. എ ഐ ഫീച്ചറുകൾ ഏതൊക്കെ ചാറ്റുകളിൽ ഉൾപ്പെടുത്തണമെന്നും ഉപയോക്താവിന് സ്വയം തീരുമാനിക്കാവുന്നതാണ്.