Posted By: Nri Malayalee
January 15, 2025
സ്വന്തം ലേഖകൻ: യുകെയിലെ മാഞ്ചസ്റ്ററിൽ മലയാളി നഴ്സിന് രോഗിയിൽനിന്ന് കുത്തേറ്റു. മാഞ്ചസ്റ്ററിലെ ഓൾഡ്‌ഹാം റോയൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അച്ചാമ്മ ചെറിയാനാണ് (57) കത്രിക കൊണ്ട് കുത്തേറ്റത്. സംഭവത്തിൽ മുഹമ്മദ് റോമൻ ഹക്ക് എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. ഇയാളെ മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. റിമാൻഡിലായ പ്രതിയെ ഫെബ്രുവരി 18ന് മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ ഹാജരാക്കും.
ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയ്ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നെന്നും തുടർന്നുണ്ടായ ദേഷ്യത്തിലാണ് അച്ചാമ്മ ചെറിയാനെ ആക്രമിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. കഴുത്തിന്റെ പിന്നിലാണ് കുത്തേറ്റത്. അച്ചാമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.
അച്ചാമ്മ പത്തുവർഷമായി ഓൾഡ്ഹാം റോയൽ ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരികയാണ്. ഇന്ത്യൻ അസോസിയേഷൻ ഓൾഡ്ഹാം (IAO), കമ്മ്യൂണിറ്റി സെൻ്റർ എന്നിവയുടെ സജീവ പ്രവർത്തകയാണ് അച്ചാമ്മ. നഴ്‌സിന് നേരെയുണ്ടായ ആക്രമണത്തെ ആരോഗ്യവകുപ്പ് അധികൃതർ അപലപിച്ചു. നഴ്‌സുമാർ ആരോഗ്യ മേഖലയുടെ നട്ടെല്ലാണന്നും ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എക്സിൽ കുറിച്ചു.