• Mon. Feb 24th, 2025

24×7 Live News

Apdin News

ചിത്രശലഭത്തിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവെച്ചു; 14-കാരന് ദാരുണാന്ത്യം

Byadmin

Feb 21, 2025





ഓണ്‍ലൈനിലൂടെ സമീപകാലത്തായി പലവിധത്തിലുള്ള ചലഞ്ചുകളും പ്രചരിക്കുന്നുണ്ട്. ഇത്തരം ചലഞ്ചുകളില്‍ പങ്കെടുത്ത ജീവന്‍വരെ നഷ്ടമായ സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ബ്രസീലില്‍നിന്ന് വാർത്തയാകുന്നത്.

ചിത്രശലഭത്തിന്റെ ശരീരാവശിഷ്ടങ്ങൾ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവെച്ച 14-കാരനാണ് ജീവൻ നഷ്ടമായത്. 14-കാരനായ ഡേവി ന്യൂൻസ് മോയിറയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മിശ്രിതം കുത്തിവെച്ചതിനെ തുടർന്ന് രക്തധമനിയിലുണ്ടായ തടസ്സമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

വിഷമയമുള്ള മിൽക്ക് വീഡ് ചെടികൾ ചിത്രശലഭങ്ങൾ പുഴുവായിരിക്കുമ്പോൾ ആഹാരമാക്കാറുണ്ട്. ഇത്തരം ഹാനികരമായ വസ്തുക്കൾ ശരീരത്തിനുള്ളിൽ എത്തിയതിനേത്തുടർന്നുള്ള വിഷബാധയാണോ മരണത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. യഥാർത്ഥ മരണക്കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ സാധിക്കൂ.

ചിത്രശലഭങ്ങളുടെ ശരീരത്തിലെ ഹാനികരമായ പദാർത്ഥങ്ങൾ മനുഷ്യരുടെ ആരോഗ്യത്തെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് കൂടുതല്‍ പഠനത്തിന് ശേഷമേ മനസ്സിലാക്കാൻ കഴിയൂ എന്നാണ് വിദഗ്ധർ പറയുന്നത്.

താൻതന്നെയാണ് ചിത്രശലഭത്തിൻറെ ഭാഗങ്ങൾ വെള്ളത്തിൽ കലർത്തി സ്വന്തം ശരീരത്തിൽ കുത്തിവെച്ചതെന്ന് ഡേവി സമ്മതിച്ചിട്ടുണ്ട്. ഇത്തരമൊരു വിചിത്രമായ പ്രവൃത്തിക്കുപിന്നിൽ സാമൂഹികമാധ്യമങ്ങളിലെ ഏതെങ്കിലും ചലഞ്ച് ആണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ താൻ ഇത്തരം ചലഞ്ചുകളിലൊന്നും പങ്കാളിയായിരുന്നില്ലെന്നാണ് മരണത്തിന് മുൻപ് ഡേവി നൽകിയ മൊഴി.



By admin