• Thu. Feb 13th, 2025

24×7 Live News

Apdin News

ചില ആളുകൾക്കൊപ്പം എന്നെ കാസ്റ്റ് ചെയ്യാറേ ഇല്ല, അവസരങ്ങളും കുറഞ്ഞു: പാർവതി തിരുവോത്ത്

Byadmin

Feb 12, 2025





സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചിലർക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല. അങ്ങനെ മനഃപൂർവം ഒഴിവാക്കുന്നവർക്കൊപ്പം ജോലി ചെയ്യാൻ താനും ഇഷ്ടപ്പെടുന്നില്ല. സ്വമേധയാ സിനിമ വേണ്ടെന്നു വച്ചു പോകുന്നതു വരെ അഭിനയം തുടരും. അവസരങ്ങൾ നഷ്ടപ്പെടുത്തിയതു മൂലം സ്വന്തമായി ജോലി കണ്ടെത്താൻ സ്വയംപര്യാപ്തയായെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ.

പാർവതിയുടെ വാക്കുകൾ: എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഞാനിതു പല തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതാണ് സത്യം. ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക എന്നതാണ്. അവസരങ്ങൾ ലഭിക്കാതെ ഞാൻ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക? എന്റെ കരിയറിനെക്കുറിച്ച് എന്നേക്കാൾ നന്നായി അറിയുന്നവരുണ്ട്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. അത് ഞാൻ സിലക്ടീവ് ആയതുകൊണ്ടല്ല സംഭവിച്ചത്. ടേക്ക് ഓഫ്, എന്നു നിന്റെ മൊയ്തീൻ, ഉയരെ, ചാർളി തുടങ്ങിയ സിനിമകളൊക്കെ വാണിജ്യപരമായി വിജയിച്ച സിനിമകളാണ്. അതിനു ശേഷം ഞാൻ ചെയ്ത മലയാളം സിനിമകളുടെ എണ്ണം നോക്കിയാൽ നിങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകും.

തീർച്ചയായും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാളത്തിൽ എനിക്കു കിട്ടേണ്ട അത്രയും സിനിമകൾ കിട്ടിയില്ല. എനിക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടുന്ന താരങ്ങളെ നോക്കൂ! ചില ആളുകൾക്കൊപ്പം ഞാൻ കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല. അത്തരം അവസരങ്ങൾ തീർച്ചയായും നഷ്ടപ്പെടും. പകൽ പോലെ വ്യക്തമാണ് ആ കാര്യങ്ങൾ. സൂപ്പർതാരങ്ങൾ മാത്രമല്ല ചില സങ്കേതികപ്രവർത്തകരും ഉണ്ട്. അത് അവരുടെ ക്രിയാത്മക തിരഞ്ഞെടുപ്പ് ആയിരിക്കാം. ഇവിടെ ഞാൻ മാത്രമല്ലല്ലോ അഭിനേതാവായിട്ടുള്ളത്. മറ്റു പലരും ആ റോളിന് അനുയോജ്യരാകാം. ഇപ്പോൾ അത്തരം കാര്യങ്ങളൊന്നും അങ്ങനെ എന്നെ ബാധിക്കാറില്ല. നിങ്ങൾ ഒരാളെ വിശപ്പിലേക്ക് തള്ളിയിടുകയാണെങ്കിൽ അവർ സ്വയം ഭക്ഷണം കണ്ടെത്താനുള്ള വഴി നോക്കും. അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. എനിക്ക് അവസരങ്ങൾ നിഷേധിച്ചപ്പോൾ സ്വന്തമായി ജോലി കണ്ടെത്താൻ ഞാൻ സ്വയംപര്യാപ്തയായി. അവസരങ്ങൾ നിഷേധിച്ചാൽ ഞാൻ നിശബ്ദയാകുമെന്നു കരുതിയെങ്കിൽ തെറ്റി. അതെന്നെ കരുത്തയാക്കി.

മുൻപായിരുന്നെങ്കിൽ ഞാൻ വൈകാരികമായി പ്രതികരിക്കുമായിരുന്നു. പക്ഷേ, എന്തോ ഭാഗ്യം കൊണ്ട് എനിക്ക് ഇൻഡസ്ട്രിയിലെ ആരുമായും അത്രയും അടുത്ത ബന്ധമില്ല. ചിലരുടെ വർക്കുകൾ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എനിക്ക് നിങ്ങൾ ഒരു സിനിമ തന്നേ തീരൂ എന്ന് പറയാറില്ല. എനിക്ക് ബഹുമാനം നൽകിയാൽ മതി. എന്റെ കൂടെ കാണപ്പെടുക എന്നത് ഇപ്പോൾ ഒരു സ്റ്റേറ്റ്മെന്റ് ആയി മാറി. അതുകൊണ്ട്, പലരും അതൊഴിവാക്കാനാണ് ശ്രമിക്കുന്നത്. കലക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെ പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ! കലക്ടീവ് രൂപീകരിക്കപ്പെട്ടു, വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല.



By admin