• Tue. Dec 9th, 2025

24×7 Live News

Apdin News

ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും കലാപം; സുപ്രീംകോടതി വളഞ്ഞ് പ്രക്ഷോഭകർ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 8, 2025


Posted By: Nri Malayalee
August 10, 2024

സ്വന്തം ലേഖകൻ: രാജിവയ്ക്കാൻ സന്നദ്ധനായി ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ. വൈകുന്നേരം ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാകും രാജി സമർപ്പിക്കുക. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ സുപ്രീംകോടതിക്ക് മുന്നിൽ തടിച്ചുകൂടിയതിനെ തുടർന്ന് ഉച്ചയ്ക്കാണ് ചീഫ് ജസ്റ്റിസ് രാജി പ്രഖ്യാപിച്ചത്.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ ബന്ധുക്കൾക്കുള്ള സംവരണം സുപ്രീംകോടതി പുനഃസ്ഥാപിച്ചതിൽ നിന്നാണ് ബംഗ്ലാദേശിലെ ക്വാട്ടവിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നത്. ആ തീരുമാനം കൈക്കൊണ്ട കോടതിയുടെ നേതൃത്വത്തിലിരിക്കുന്ന വ്യക്തിയെ താഴെയിറക്കുക എന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. രാജി വയ്ക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ സുപ്രീംകോടതിയുടെ വ്യത്യസ്ത വിഭാഗങ്ങളുടെ സംയുക്ത യോഗം വിളിച്ചുചേർക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രക്ഷോഭകർക്കെതിരെ നേരത്തെ എടുത്ത കേസുകളെല്ലാം നിലവിലെ ഇടക്കാല സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചതായുള്ള വാർത്തകളും പുറത്തു വരുന്നു. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ ഭരണകക്ഷിയായ അവാമി ലീഗും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുന്നൂറിലധികം ആളുകൾ മരിച്ചതിനു ശേഷമാണ് സുപ്രീംകോടതി സംവരണം പിൻവലിക്കാൻ തീരുമാനിച്ചത്.

സുപ്രീംകോടതിയുടെ ആ ഇടപെടൽ ബംഗ്ലാദേശിൽ നിലനിന്ന സാഹചര്യം തണുപ്പിക്കാൻ സഹായകമായി. എന്നാൽ ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിസഹകരണ പരിപാടിയുമായി പ്രക്ഷോഭകർ രംഗത്തെത്തുന്നു. ഈ പരിപാടിയിലേക്ക് അവാമി ലീഗ് പ്രവർത്തകർ ഇടിച്ചുകയറുകയും സംഘർഷമുണ്ടാവുകയും ചെയ്തതിൽ നിന്നാണ് വീണ്ടും പ്രശ്നങ്ങൾ ആരംഭിച്ചത്.

പ്രതിഷേധം ആളിപ്പടർന്നതോടെ പ്രക്ഷോഭകര്‍ ബംഗ്ലാദേശ് മുന്‍ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയുള്‍പ്പെടെ തകര്‍ക്കുന്ന സാഹചര്യമുണ്ടായി. ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

രാജ്യത്തെ പ്രതിഷേധങ്ങളുടെ ബംഗ്ലാദേശ്-ബംഗാളി ടിവി സ്റ്റേഷന്‍ ചാനല്‍ 24 തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. കാര്യങ്ങൾ കൈവിട്ടു പോയി എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഷെയ്ഖ് ഹസീന രാജി വയ്ക്കാൻ തീരുമാനിക്കുന്നത്. രാജിക്ക് ശേഷം ഇടക്കാലതാവളമായി ഇന്ത്യയിലേക്കാണ് ഹസീന വന്നത്.

By admin