• Wed. Oct 30th, 2024

24×7 Live News

Apdin News

ചൈനയിൽ ജനനനിരക്കിൽ വൻകുറവ്; നഴ്സറികൾ വൃദ്ധസദനങ്ങളാവുന്നു

Byadmin

Oct 30, 2024





ബെയ്ജിങ്: ലോകത്ത് ജനസംഖ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ചൈനയിൽ ഇപ്പോൾ വളരെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ജനനനിരക്കു് കുറഞ്ഞതോടെ 2023 ൽ രാജ്യത്തെ 5 ശതമാനത്തോളം കിന്‍റർ ഗാർട്ടനുകൾ അടച്ചുപൂട്ടിയതായാണ് റിപ്പോർട്ടുകൾ. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. 2022ൽ ചൈനയിൽ 2,89,200 കിന്‍റർഗാർടനുകളാണ് ഉണ്ടായിരുന്നത്. 2023ൽ അത് 2,74,400 ആയി കുറഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. കുട്ടികൾ കുറഞ്ഞതോടെ ഇപ്പോൾ പല കിന്‍റർ ഗാർഡനുകളും വയോജന കേന്ദ്രങ്ങളാക്കി മാറ്റി.

പല പ്രവിശ്യകളിലും രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികളുള്ളവർക്ക് സബ്‌സിഡി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ചൈനയിലെ ഗുവാൻങ്‌ഡോങ് പ്രവിശ്യയിൽ രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനുമാണ് സബ്‌സിഡി പ്രഖ്യാപിച്ചത്. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന ജനസംഖ്യാ വർധന നിയന്ത്രിക്കാൻ എടുത്ത നടപടികളാണ് രാജ്യത്തിന് തിരിച്ചടിയായത്.



By admin