
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണെന്ന് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന ആരോപണവും അമിത് ഷാ തള്ളി. ഭരണഘടനാ അനുസൃതമായി മികച്ച പ്രകടനമാണ് ഉപരാഷ്ട്ര പദവിയില്‍ ജഗ്ദീപ് ധന്‍കര്‍ കാഴ്ചവെച്ചത്. സത്യവും നുണകളും തീരുമാനിക്കേണ്ടത് പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാവരുത്. മുന്‍ ഉപരാഷ്ട്രപതിയെ ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
ധന്‍കറിന്റെ രാജിക്കത്തില്‍ തന്നെ കാരണം വ്യക്തമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ രാജിവെയ്ക്കുന്നുവെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. തനിക്ക് മികച്ച പ്രവര്‍ത്തന കാലയളവ് ലഭ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മറ്റ് മന്ത്രിമാരോടും അദ്ദേഹം നന്ദി അറിയിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 21നായിരുന്നു ധന്‍കര്‍ രാജിവെച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കുന്നുവെന്നായിരുന്നു വിശദീകരണം. രാജിക്ക് പിന്നാലെ ധന്‍കറിനെ കാണാനില്ലെന്ന് പറഞ്ഞ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ശിവസേന നേതാവും സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. ലാപതാ ലേഡീസ് എന്ന സിനിമയെ കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ലാപതാ (കാണാതായ) വൈസ് പ്രസിഡന്റെ എന്ന് കേള്‍ക്കുന്നത് ആദ്യമെന്നുമായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. ധന്‍കറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം വിശ്രമത്തിലാണെന്നാണ് പേഴ്‌സണല്‍ സെക്രട്ടറി അറിയിച്ചതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധന്‍കറിനെ കാണാനില്ലെന്ന് കാണിച്ച് അമിത് ഷായ്ക്ക് പരാതി നല്‍കുകയായിരുന്നു സഞ്ജയ് റാവത്ത് ചെയ്തത്. അതേസമയം ധന്‍കറിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതാം തീയതി നടക്കും. മുതിര്‍ന്ന ബിജെപി നേതാവ് സി പി രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയേയാണ് ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.