Posted By: Nri Malayalee
December 24, 2024
സ്വന്തം ലേഖകൻ: 2025 ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടിവരും. ജനുവരി 2 മുതല്‍ യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ജീവിത ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം.
ലണ്ടനിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1483 പൗണ്ടും ലണ്ടന് പുറത്തുള്ള കോഴ്‌സിന് പ്രതിമാസം 1136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ലണ്ടനില്‍ മൊത്തം 13347 പൗണ്ടും ലണ്ടന് പുറത്ത് 10224 പൗണ്ടും വേണം.
വീസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് 28 ദിവസമെങ്കിലും ഈ ഫണ്ടുകള്‍ കൈവശം വച്ചിരിക്കണം. നിലവില്‍ ജീവിത ചെലവ് ലണ്ടനില്‍ പ്രതിമാസം 1334 പൗണ്ടും മറ്റ് പ്രദേശങ്ങളില്‍ 1023 പൗണ്ടുമാണ്.
ആദ്യമായി വീസ അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജീവിത ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38700 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം. ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ടായിരിക്കണം. തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യാത്ത അപേക്ഷകര്‍ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് ആവശ്യമായ ഫണ്ട് കൈവശം വച്ചിട്ടുണ്ടെന്ന് കാണിക്കണം.
വിനോദ സഞ്ചാരികള്‍, കുടുംബം, പങ്കാളികള്‍, കുട്ടികള്‍,വിദ്യാര്‍ത്ഥി വീസകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വീസ അപേക്ഷ ഫീസില്‍ വര്‍ദ്ധനയുണ്ട്.