ഷാർജ > വിവാഹത്തിന് മുൻപ് എല്ലാ എമിറാത്തികളും വിവാഹപൂർവ സ്ക്രീനിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായി നിർബന്ധിത ജനിതക പരിശോധന നടത്തണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. യു എ ഇ ശതാബ്ദി ദർശനം 2071-ന് അനുസൃതമായി, യുഎഇ സർക്കാരിൻ്റെ വാർഷിക യോഗങ്ങളിൽ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗൺസിലിൻ്റെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തി സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാൻ, ഭാവി സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി, ആരോഗ്യ മേഖലയിലുണ്ടാക്കുന്ന മാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടി.
എമിറാത്തി കുടുംബങ്ങൾക്ക് ദീർഘകാല ആരോഗ്യവും ഉയർന്ന ജീവിത നിലവാരവും ഉറപ്പാക്കുന്നതിനൊപ്പം ഭാവി തലമുറയുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ഈ തീരുമാനം രാജ്യത്തിൻ്റെ ആരോഗ്യ പരിപാലന മേഖലയിലെ മാതൃകാപരമായ മാറ്റത്തെ പ്രതിനിധീകരിക്കുമെന്നും, വിവാഹത്തിന് മുന്പ് എല്ലാ ഇമാറാത്തികളും ജനിതക പരിശോധന നടപ്പിലാക്കുന്നതിനായി അധികാരികളുമായി സഹകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ജനിതക രോഗങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ പാകത്തിൽ ആരോഗ്യ രംഗത്ത് മുൻകൂട്ടിയുള്ള ഇടപെടൽ ഉറപ്പാക്കുന്നതിനും, സംയോജിത ദേശീയ ജനിതക ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും ഇത് സൗകര്യമൊരുക്കുന്നു. ജനിതക പരിശോധന എന്നത് ഒരു പ്രതിരോധ ആരോഗ്യ നടപടിയാണ്, ഇത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളിൽ ഉണ്ടാകുന്ന ജനിതകമാറ്റങ്ങൾ തിരിച്ചറിയാനും, പരിശോധനകൾ നടത്തി ചികിത്സക്ക് വിധേയമാകുന്നതോടെ വരും തലമുറയിലെ കുട്ടികളിൽ ജനിതക രോഗങ്ങൾ പകരുന്നത് തടയാൻ സാധിക്കുകയും ചെയ്യും. 840-ലധികം മെഡിക്കൽ അവസ്ഥകളുമായി ബന്ധപ്പെട്ട 570 ജീനുകൾ ഈ പരിശോധനയിൽ ഉൾപ്പെടുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിൻ്റെ കുടക്കീഴിൽ, ആരോഗ്യവകുപ്പ് – അബുദാബി, ദുബായ് ഹെൽത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, ദുബായ് ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ