Posted By: Nri Malayalee
January 22, 2025
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിയതിനെതിരെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്‌സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. ഇതിനെതിരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളാണ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിരുന്നു.
നിയമം വഴി നിലവില്‍ വന്നതും ഭരണഘടനയുടെ ഭാഗവുമായ ഒരു സംവിധാനത്തെ വെറുമൊരു ഉത്തരവിലൂടെ ഇല്ലാതാക്കാനാകില്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഉത്തരവിറക്കാന്‍ പ്രസിഡന്റിന് അധികാരമുള്ളപ്പോഴും അവര്‍ രാജാക്കന്മാരല്ല എന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 22 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറലുകള്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ട്രംപ് അധികാരമേറ്റ് ആദ്യ ദിവസം തന്നെ രാജ്യത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പുകഞ്ഞുതുടങ്ങിക്കഴിഞ്ഞു. അതേസമയം നിലപാടില്‍ നിന്ന് പിന്നാക്കമില്ലെന്ന് സൂചിപ്പിച്ചാണ് ട്രംപ് മുന്നോട്ടുപോകുന്നത്.
അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച പല എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ക്കെതിരെയും അമേരിക്കന്‍ കോടതികളില്‍ നിയമപോരാട്ടമുണ്ടാകുമെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. കുടിയേറ്റം, വോക്കിസം, ട്രാന്‍സ് ജെന്‍ഡറുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കടുത്ത യാഥാസ്ഥിതിക തീരുമാനങ്ങളാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെതിരെയെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.