• Fri. Oct 31st, 2025

24×7 Live News

Apdin News

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നവംബർ 24-ന് ചുമതലയേൽക്കും

Byadmin

Oct 30, 2025


ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. അടുത്തമാസം 24ന് ചുമതലയേല്‍ക്കും. ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. നിയമന ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. നവംബർ 23-ന് വിരമിക്കുന്ന ജസ്റ്റിസ് ഭൂഷൺ ആർ ഗവായിക്ക് പകരമാണ് ജസ്റ്റിസ് സൂര്യ കാന്ത് ചുമതലയേൽക്കുന്നത്.

ജസ്റ്റിസ് സൂര്യകാന്ത് ഏകദേശം 15 മാസത്തോളം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും. 65 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് 2027 ഫെബ്രുവരി 9-നാണ് അദ്ദേഹം സ്ഥാനമൊഴിയുക. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് സൂര്യകാന്ത്. 1962 ഫെബ്രുവരി 10-ന് ജനിച്ച ജസ്റ്റിസ് സൂര്യ കാന്ത് ഹരിയാനയില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.

38-ാം വയസ്സിൽ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസ്സിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ്.

കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച ചരിത്രപരമായ ബെഞ്ചിൽ ജസ്റ്റിസ് കാന്ത് അംഗമായിരുന്നു. സർക്കാർ പുനഃപരിശോധന പൂർത്തിയാകുന്നത് വരെ ഈ നിയമപ്രകാരം പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും ബെഞ്ച് നിർദ്ദേശിച്ചിരുന്നു.

By admin