• Sun. Aug 30th, 2026

24×7 Live News

Apdin News

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

Byadmin

Aug 30, 2026



ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്‍ഗെ നേരിട്ട ജാതി അധിക്ഷേപത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഖര്‍ഗെയ്‌ക്കെതിരായ അധിക്ഷേപത്തില്‍ 20 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയുമെടുത്തില്ല. സ്‌കൂളിലും ചായക്കടയിലും ദളിത് വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നുവെന്നും വാര്‍ത്താ സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അയിത്തത്തിന്റെ മറ്റൊരു പേര് എന്നാണ് പ്രസംഗവേദിയിലെ ശുദ്ധീകരണത്തെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. അത്തരത്തിലുള്ള പ്രവര്‍ത്തി ഭരണഘടന പ്രകാരം കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആശയധാരയും ബിജെപി, ആര്‍എസ്എസ് എന്നിവയുടെ ആശയധാരയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ഞങ്ങളുടെ നേതാവ് ഒരു ക്ഷേത്രം സന്ദര്‍ശിക്കുന്നു. ബിജെപി നേതാക്കള്‍ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തുന്നു. രാജ്യത്തിനും ഭരണഘടനയ്ക്കുമായി തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിക്കാനായി ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്തെത്തുന്നു. അവിടെയും ശുദ്ധീകരണ ചടങ്ങ് നടത്തപ്പെടുന്നു. ആരാണ് ഇത് ചെയ്തത്. ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നുമുള്ളവരാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇതൊരു കുറ്റകൃത്യമാണ്, അതായത് ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തിയാണ്. ‘ശുദ്ധീകരണം’ എന്നത് യഥാര്‍ഥത്തില്‍ അയിത്തത്തിന്റെ മറ്റൊരു പേര് മാത്രമാണ്. അയിത്തം നിയമവിരുദ്ധവും. എന്നിട്ടും ബിജെപിക്കാര്‍ അത് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. – അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നാണ് ഖര്‍ഗെ പറഞ്ഞത്. താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍, വേദി ശുദ്ധീകരിച്ചത് ശ്രീരാം സേന എന്ന സംഘടനയാണെന്നും ഇതുമായി ബിജെപിക്ക് ബന്ധമില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

By admin