
ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സേവനമാണ് ജിമെയിൽ. ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിമെയിൽ. നിലവിൽ ലോഗിൻ ചെയ്യുമ്പോൾ എസ്എംഎസ് വഴി ലഭിക്കുന്ന ടു-ഫാക്ടർ ഓതൻ്റിക്കേഷൻ കോഡിന് പകരം ക്യൂആർ കോഡ് ഉപയോഗിക്കുന്ന രീതിയാണ് പുതിയതായി അവതരിപ്പിക്കാൻ പോകുന്നത്.
ഫോബ്‌സ് മീഡിയയുടെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ ഉടൻ തന്നെ ഈ പുതിയ ഫീച്ചർ പുറത്തിറക്കും. എസ്എംഎസ് വഴി ലഭിക്കുന്ന കോഡുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ കൈക്കലാക്കാൻ സാധിക്കുന്നതിനാലാണ് ക്യൂആർ കോഡ് രീതിയിലേക്ക് മാറുന്നത്. ക്യൂആർ കോഡ് ഉപയോഗിക്കുന്നതിലൂടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാവുകയും ഹാക്കിംഗ് സാധ്യത കുറയ്ക്കുകയും ചെയ്യും.
ഗൂഗിൾ 2011 ലാണ് ആദ്യമായി ടു-ഫാക്ടർ ഓതൻ്റിക്കേഷൻ സംവിധാനം അവതരിപ്പിച്ചത്. ഇതിലൂടെ പാസ്‌വേഡിന് പുറമേ ഫോണിലേക്ക് ലഭിക്കുന്ന ഒരു കോഡ് കൂടി നൽകി അക്കൗണ്ട് ലോഗിൻ ചെയ്യാവുന്നതാണ്. എന്നാൽ പുതിയ ക്യൂആർ കോഡ് രീതി വരുന്നതോടെ ലോഗിൻ ചെയ്യുന്ന സമയത്ത് ഫോൺ ക്യാമറ ഉപയോഗിച്ച് ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ടി വരും. ഇത് കൂടുതൽ എളുപ്പവും സുരക്ഷിതവുമാണ്.
ഈ പുതിയ മാറ്റം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ ഒരനുഭവം നൽകുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും.