• Mon. Oct 7th, 2024

24×7 Live News

Apdin News

ജർമനിയിലെ മലയാളി യുവാവിന്റെ കൊലപാതകം; ആഫ്രിക്കൻ വംശജനായ പ്രതി പൊലീസില്‍ കീഴടങ്ങി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 7, 2024


Posted By: Nri Malayalee
October 6, 2024

സ്വന്തം ലേഖകൻ: ജർമനിയിലെ ബർലിനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി (28) പൊലീസില്‍ കീഴടങ്ങി. യുവാവ് തന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും കവര്‍ച്ചാശ്രമത്തിനിടെ നടന്ന മൽപിടിത്തത്തിനിടെ സ്വയം ജീവന്‍ രക്ഷിക്കാനായി കത്തി കൊണ്ട് കുത്തിയെന്നുമാണ് ആഫ്രിക്കൻ വംശജൻ പൊലീസിന് നല്‍കിയ മൊഴി. യുവാവിന്റെ മൃതദേഹം പ്രതിയുടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

ബർലിനിൽ ആർഡേൻ സർവകലാശാലയിൽ ഉന്നതപഠനം നടത്തുകയായിരുന്ന മാവേലിക്കര മറ്റം വടക്ക്, തട്ടാരമ്പലം സ്വദേശി പൊന്നോല വീട്ടില്‍ ആദം ജോസഫ് കാവുംമുഖത്ത് (ബിജുമോൻ-30) ആണ് കൊല്ലപ്പെട്ടത്.

സെപ്റ്റംബർ 30 മുതൽ കാണാതായിരുന്ന ആദമിനെ കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. വലതുകൈയില്‍ റോമന്‍ അക്ഷരങ്ങളില്‍ ജനനതീയതി പച്ചകുത്തിയ ആദമിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ സുഹൃത്തുക്കളാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോസ്റ്റമോർട്ടത്തിലൂടെയാണ് മൃതദേഹം ആദമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ആദമിന്റെ രണ്ട് ഫോണുകളും പേഴ്സും കാണാതായിട്ടുണ്ട്.

ബര്‍ലിനിലെ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റേറഴ്സ് വിദ്യാർഥിയായിരുന്നു. ക്ലാസ് കഴിഞ്ഞു പാർട്‌ടൈം ജോലിക്കു ശേഷം സൈക്കിളിൽ താമസസ്ഥലത്തേക്കു പോയ ആദം അവിടെ എത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളാണ് പൊലീസിൽ പരാതി നൽകിയത്.

ബര്‍ലിനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങൾ തിങ്കളാഴ്ച ജര്‍മന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കും. നിലവിൽ മൃതദേഹം പൊലീസിന്റെ നിയന്ത്രണത്തിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവമറിഞ്ഞ് ബഹ്റൈനിൽ ഫാര്‍മസിസ്റ്റായ ആദമിന്റെ മാതാവ് ലില്ലി ഡാനിയേലും ഇളയ സഹോദരനും നാട്ടിലേക്ക് തിരിച്ചു. ആദമിന് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചിരുന്നു. പിന്നീടു മറ്റം വടക്ക് പൊന്നോലയിൽ മാതൃസഹോദരി കുഞ്ഞുമോളുടെ വീട്ടിലാണു വളർന്നത്. മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്. യുവജനപ്രസ്ഥാന സജീവ പ്രവര്‍ത്തകനും ശുശ്രൂഷകനുമായിരുന്നു. ബിസിഎ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം മുൻപാണ് ഉന്നത പഠനത്തിനായി ജർമനിയിൽ പോയത്.

By admin