Posted By: Nri Malayalee
November 2, 2024
ഞാവള്ളികുടുംബക്കാർ തുടർച്ചയായി എട്ടാം വർഷവും യുകെയിൽ കുടുംബസംഗമം നടത്തി മറ്റുള്ളവർക്ക് മാതൃകയായി.
കുടുംബബന്ധങ്ങൾ അറ്റുപോകുന്ന ഈ കാലഘട്ടത്തിൽ എല്ലാ കുടുംബങ്ങൾക്കും മാതൃകയായ് ഡെവോൺ കൗണ്ടിയിലുള്ള മനാട്ടൻ എന്ന സ്ഥലത്തെ ഹീട്രി ആക്ടിവിറ്റി സെന്ററിൽ വെച്ച് ഒക്ടോബർ 25-)o തീയ്യതി മുതൽ ഒക്ടോബർ 28-)o തീയ്യതി വരെ താമസിച്ചു കുടുംബസംഗമം നടത്തി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 400 മൈലുകൾ സഞ്ചരിച്ചു സകുടുംബം 17 കുടുംബങ്ങൾ എത്തിച്ചേർന്നു. ഞാവള്ളി എന്ന മൂലകുടുംബത്തിൽ നിന്നും പല തായ് വഴികളിലുള്ള മറ്റ് കുടുംബങ്ങളിൽ നിന്നും അപ്പൻ വഴിയും, അമ്മ വഴിയും, വല്ലിയമ്മ വഴിയും ഞാവള്ളികുടുംബവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാവരും ഒരു കുടക്കീഴിൽ ഒത്തുകൂടുന്ന കാഴ്ച്ച ഞാവള്ളികുടുംബത്തിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായിരുന്നു.
ബെന്നി തെരുവൻകുന്നേൽ, സതീഷ് ഞാവള്ളിൽ, സക്കറിയാസ് ഞാവള്ളിൽ, മാത്യൂ ആണ്ടുകുന്നേൽ എന്നിവരുടെ കൂട്ടായ പരിശ്രമഫലമായ് 2017 ജൂൺ 10-)o തീയ്യതി ബെർമിങ്ങാമിൽ വെച്ച് യുകെ സിറോ മലബാർ സഭയുടെ പ്രഥമ ബിഷപ്പ് ബഹുമാനപ്പെട്ട ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം ചെയ്ത് തുടങ്ങിയ ഞാവള്ളി കുടുംബസംഗം ഇന്നും അതേ ആവേശത്തോടെ രക്ഷാധികാരി ഡോ. ജോൺ അബ്രഹാം കോട്ടവാതുക്കലിന്റെ നേതൃത്വത്തിൽ കുടുംബസംഗമം തുടർച്ചയായി നടന്നു വരുന്നു.
ഞാവള്ളി കുടുംബകൂട്ടായ്മയുടെ ഒത്തൊരുമയുടെ ഏറ്റവും പ്രധാനമായ വി. കുർബ്ബാനയ്ക്ക് യുകെയിലെ ആദ്യത്തെ മലയാളി വൈദികൻ പ്ലൈമോത്ത് രൂപതയിലെ ഫാ. സണ്ണി പോൾ അരഞ്ഞാലിലച്ചനും, ഫാ. ജോസഫ് കൊട്ടുകാപ്പള്ളിയച്ചനും നേതൃത്വം നൽകി.
മിസിസ്സ് ജിനി ജോബിന്റെ നേതൃത്വത്തിൽ വിവിധതരം ആക്ടിവിറ്റി മത്സരങ്ങളിൽ പ്രായഭേദമന്യേ എല്ലാവരും ഉത്സാഹത്തോടെ പങ്കെടുക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയുമുണ്ടായി, അത് കൂടാതെ ഹോപ്പ് മൂവി പ്രദർശിപ്പിക്കുകയും, കുടുംബക്കാർ എല്ലാവരും ചേർന്ന് ക്യാംഫയർ നടത്തുകയും പാട്ടും മേളവുമായി കുട്ടികളും മുതിർന്നവരും വളരെ ആഘോഷമായി കുടുംബസംഗമം കെങ്കേമമാക്കി. മുതിർന്നവരെല്ലാവരും അടുത്തവർഷങ്ങളിലെ കുടുംബകൂട്ടായ്മയെകുറിച്ചു ചർച്ച ചെയ്യുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്ന് മാസം പ്രായമായ കുഞ്ഞുമുതൽ മുതിർന്നവരായവർവരെ ഒരേ മനസ്സോടെ എല്ലാ കളികളിലും പങ്കെടുത്തും തമ്മിൽതമ്മിൽ തമാശപറഞ്ഞു ചിരിക്കുന്നതും എല്ലാവരും ചുറ്റുവട്ടങ്ങളിലൂടെ ഓടിച്ചാടി നടക്കുന്നതും ഞാവള്ളിക്കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു.