• Sat. Dec 28th, 2024

24×7 Live News

Apdin News

ടോറി കോട്ടകളിൽ വിള്ളൽ വീഴ്ത്തി നൈജല്‍ ഫരാജിന്റെ റീഫോം യുകെയുടെ കുതിപ്പ്; അംഗങ്ങളിൽ വർധന – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 27, 2024


Posted By: Nri Malayalee
December 27, 2024

സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടിത്തറയില്‍ വിള്ളലുകള്‍ ഉണ്ടാക്കിക്കൊണ്ട് റിഫോം യു കെ പാര്‍ട്ടി അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അംഗത്വത്തിന്റെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കടത്തിവെട്ടിയതോടെ റിഫോം യുകെയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന അവകാശവാദവുമായി പാര്‍ട്ടി സ്ഥാപക നേതാവ് നൈജല്‍ ഫരാജ് രംഗത്തെത്തി. ബോക്സിംഗ് ദിനത്തിലെ ഉച്ചഭക്ഷണ സമയത്തിന് മുന്‍പായി റിഫോം പാര്‍ട്ടി വെബ്‌സൈറ്റിലെ ഡിജിറ്റല്‍ കൗണ്ടറില്‍ കാണിച്ചത്, അംഗങ്ങളുടെ എണ്ണം 1,31,680 കടന്നു എന്നാണ്.

ഈ വര്‍ഷം ആദ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരായ അംഗങ്ങളുടെ എണ്ണമായിരുന്നു 1,31,680. ഇത് ഒരു ചരിത്രപ്രാധാന്യമുള്ള നിമിഷമാണെന്നായിരുന്നു ഫരാജ് പറഞ്ഞത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി, ഏറ്റവും പ്രായം കൂടിയ പാര്‍ട്ടിയെ മറികടന്നതായും അദ്ദേഹം പറഞ്ഞു. റിഫോം യു കെയാണ് ഇപ്പോള്‍ ബ്രിട്ടനിലെ യഥാര്‍ത്ഥ പ്രതിപക്ഷ കക്ഷിയെന്നും എംസില്‍ കുറിച്ച കുറിപ്പില്‍ ഫരാജെ പറഞ്ഞു.ബോക്സിംഗ് ദിനത്തില്‍, ഈ മുഹൂര്‍ത്തം ആഘോഷിക്കുന്ന ഫരാജെയുടെ വീഡിയോയും കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ക്ലാക്ടണില്‍ ഫരാജെ ജയിച്ചതിനൊപ്പം മറ്റ് നാല് സീറ്റുകള്‍ കൂടി നേടി ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പില്‍ റിഫോം യു കെ കരുത്ത് തെളിയിച്ചിരുന്നു. അതിനു പുറമെ 98 സീറ്റുകളില്‍ പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞിരുന്നു. കണ്‍സര്‍വേറ്റീവ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുന്നതിനു റിഫോം യു കെ വിജയിച്ചിരുന്നു. ഇത് പക്ഷെ, പലയിടങ്ങളിലും ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാവുകയായിരുന്നു.

പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ സിയ യൂസഫ് പറഞ്ഞത്. ബ്രിട്ടനിലെ മധ്യ- വലത് രാഷ്ട്രീയത്തില്‍ നൂറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉണ്ടായിരുന്ന അപ്രമാദിത്തം തകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത തവണ നീജല്‍ ഫരാജെ പ്രധാനമന്ത്രിയാകുമെന്നും, ബ്രിട്ടനെ അതിന്റെ മഹത്വത്തിലേക്ക് തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കെമി ബേഡ്‌നോക്കിനെ നേതാവായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികളില്‍ ഉണ്ടായ ശോഷണം വ്യക്തമായിരുന്നു.

ഏതായാലും ഇപ്പോള്‍ ഏറ്റവുമധികം അംഗങ്ങളുള്ള ബ്രിട്ടീഷ് രാഷ്ട്രീയ കക്ഷി ലേബര്‍ പാര്‍ട്ടി തന്നെയാണ്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 3,66,604 അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. മറ്റൊരു പ്രധാന കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 90,000 അംഗങ്ങളൂം ഉണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ജനവിരുദ്ധ നയങ്ങളാണ് വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെയുടെ വളര്‍ച്ചക്ക് കളമൊരുക്കിയത് എന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു വക്താവ് പറഞ്ഞത്. വരുന്ന മെയ് മാസം നടക്കുന്ന തദ്ദേശീയ തെരഞ്ഞെടുപ്പില്‍ റിഫോം പാര്‍ട്ടിക്ക് ലഭിക്കുന്ന ഓരോ വോട്ടും ലേബര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും, ലേബര്‍ പാര്‍ട്ടിയെ തടയാന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മാത്രമെ കഴിയു എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്നും വിഭിന്നമായി, ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയിട്ടാണ് റിഫോം യു കെ രൂപീകരിച്ചിരിക്കുന്നത്. ഈ ഘടന മാറ്റുമെന്ന് അടുത്തിടെ നീജല്‍ ഫരാജ് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലായിരുന്നു ടെസ്ല ഉടമ, എലന്‍ മസ്‌ക് പാര്‍ട്ടിയില്‍ ഏകദേശം 100 മില്യണ്‍ പൗണ്ടോളം നിക്ഷേപിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ. കീര്‍ സ്റ്റാര്‍മറുടെ കടുത്ത വിമര്‍ശകനാണ് മസ്‌ക്. മാത്രമല്ല, ആരംഭകാലം മുതല്‍ തന്നെ റിഫോം യു കെ പാര്‍ട്ടിയുടെ വളര്‍ച്ച സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന വ്യക്തികൂടിയാണ് അദ്ദേഹം.

By admin