• Wed. Jan 28th, 2026

24×7 Live News

Apdin News

ട്രംപിന്റെ താരിഫ് ഭീഷണി വകവെക്കാതെ, ഇന്ത്യയോടടുത്ത് യൂറോപ്യൻ യൂണിയനും കാനഡയും

Byadmin

Jan 28, 2026


ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി ആഗോള സാമ്പത്തികരംഗത്തെ കൂട്ടുകെട്ടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. ഇന്ത്യയുമായി സുപ്രധാന വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നു. മാർച്ചിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉന്നതതല സന്ദർശനത്തിനായി ഇന്ത്യയിലെത്തും.

ഇതിനിടെ, ബ്രീട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ ഇന്ന് ചൈനയിലേക്ക് പറക്കും. ഗ്രീൻലൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ ട്രംപിന്റെ സമ്മർദ്ദങ്ങൾക്കിടയിലാണ് ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. എട്ടു വർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനമാണ് സ്റ്റാർമർ നടത്തുക. രണ്ട് മന്ത്രിമാരും ഡസൻ കണക്കിന് ഉദ്യോഗസ്ഥരുമായും ചൈനയിലെത്തുന്ന സ്റ്റാർമർ വൻവാണിജ്യ കരാറുകളാണ് ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

2024-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യുകെ-ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ സ്റ്റാർമർ നടത്തിവരുന്നുണ്ട്. തെക്കേ ഏഷ്യയിലെ മറ്റൊരു വലിയ ശക്തിയായ ഇന്ത്യയുമായി യുകെ ഇതിനകം തന്നെ ഒരു വ്യാപാര കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ട്രംപ് താരിഫ് ഭീഷണി ഉയർത്തുമ്പോഴാണ്‌ യൂറോപ്യൻ രാജ്യങ്ങൾ പുതിയ വാണിജ്യ കരാറുകളിൽ ഏർപ്പെട്ടുവരുന്നത്. യൂറോപ്യൻ രാജ്യങ്ങളെ കൂടാതെ, ട്രംപിന്റെ മറ്റൊരു കണ്ണിലെ കരടായ കാനഡ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള നീക്കങ്ങളിലാണ്.

മാർച്ച് ആദ്യ വാരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിൻ ട്രൂഡോയുടെ കാലഘട്ടത്തിലെ വർഷങ്ങളായിട്ടുള്ള സംഘർഷഭരിതമായ ബന്ധങ്ങൾക്ക് ശേഷം, ഇപ്പോഴുള്ള ചുവടുമാറ്റം ശ്രദ്ധേയമാണ്.

ഇതിനിടെ, ചൈനയുമായുള്ള ബന്ധവും കാനഡ ശക്തിപ്പെടുത്തിയിരുന്നു. ചൈനയുമായി കാനഡ സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ കാനഡയ്ക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, ചില മേഖലകളിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.

By admin