Posted By: Nri Malayalee
January 12, 2025
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ജനുവരി 20 നാണു ട്രംപിന്റെ സത്യപ്രതിജ്ഞ. യുഎസ് സന്ദർശന വേളയിൽ, ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളുമായും മറ്റു പ്രമുഖരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങിൽ പങ്കെടുക്കും. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഉദ്ഘാടന ചടങ്ങിലേക്ക് ഒട്ടേറെ ലോകനേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
അർജന്റീന പ്രസിഡന്റ് ഹാവിയർ മിലൈയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിച്ചതായാണു വിവരം. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.