• Fri. Nov 21st, 2025

24×7 Live News

Apdin News

ട്രംപ് ഒപ്പിട്ടു, 30ദിവസത്തിനുള്ളിൽ പുറത്തുവിടുന്നത് നടുക്കുന്ന രഹസ്യങ്ങൾ; ജെഫ്രി എപ്‌സ്‌റ്റൈൻ ഫയലുകളിലെന്ത്?

Byadmin

Nov 21, 2025



ട്രംപ് ഒപ്പിട്ടു, 30ദിവസത്തിനുള്ളിൽ പുറത്തുവിടുന്നത് നടുക്കുന്ന രഹസ്യങ്ങൾ; ജെഫ്രി എപ്‌സ്‌റ്റൈൻ ഫയലുകളിലെന്ത്?

വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റിന്റ പൂര്‍ണ പിന്തുണയോടെ ജെഫ്രി എപ്‌സ്‌റ്റൈന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലില്‍ ഒപ്പുവച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്‌സ്‌റ്റൈന്‍. ഇയാളുമായി ബന്ധപ്പെട്ട ഫയലുകള്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ പുറത്തിവിടാന്‍ നീതിന്യായ വകുപ്പിന് കഴിയും. ഫയലുകള്‍ പുറത്തുവിടുമെന്ന കാര്യം സമൂഹമാധ്യമത്തിലൂടെ ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാല്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായിരുന്ന എപ്‌സ്‌റ്റൈന്‍ 1970കളില്‍ ജോലി ഉപേക്ഷിച്ച് ഇന്‍വെസ്റ്റര്‍ ബാങ്കായ ബെയര്‍ എസ്റ്റേണില്‍ ചേര്‍ന്നു. പിന്നീട് സ്വന്തമായി ജെ എപ്‌സ്‌റ്റൈന്‍ ആന്‍ഡ് കോ എന്ന സ്ഥാപനം ആരംഭിച്ചു. ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ഇയാളുടെ നിശാ പാര്‍ട്ടികളില്‍ സഹകരിച്ചിട്ടുണ്ട്. ഇത് ആയുധമാക്കി ഡെമോക്രാറ്റിക്ക് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെയാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്.

പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് അവര്‍ ഉന്നയിച്ച ആരോപണമെന്നാണ് ട്രംപ് പ്രതികരിച്ചത്. മാത്രമല്ല ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപ് ആഹ്വാനവും ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ എപ്‌സ് റ്റൈന്‍ നേരിട്ടിരുന്നു. 2008ല്‍ ഈ ആരോപണം എപ്‌സ്‌റ്റൈന്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് 18 മാസത്തെ തടവുശിക്ഷ ലഭിച്ച എപ്‌സ്‌റ്റൈനെ 2019 ജൂലായില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

By admin