ആവശ്യക്കാർ ഏറെയുള്ള ലക്ഷ്വറി ഓഫ്‌റോഡർ എസ്‌യുവിയായ ലാൻഡ് റോവർ ഡിഫെൻഡറിന്റെ ട്രോഫി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ മാസത്തിൽ ആഗോള വിപണിയിൽ എത്തിയ ട്രോഫി എഡിഷനാണ് നാലുമാസങ്ങൾക്കിപ്പുറം ഇന്ത്യയിലും എത്തിച്ചിരിക്കുന്നത്. 1.30 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ട്രോഫി എഡിഷൻ അഥവാ ‘കാമൽ ട്രോഫി’ എന്നത് 1980 ൽ ആരംഭിച്ച് 2000 വരെ വർഷം തോറും നടന്നിരുന്ന ഒരു ഓഫ്-റോഡ് വാഹന അധിഷ്ഠിത മത്സരമാണ്. പ്രധാന സ്പോൺസറായ കാമൽ സിഗരറ്റ് ബ്രാൻഡിൽ നിന്നാണ് ഈ പരിപാടിക്ക് പേര് ലഭിച്ചത്, ‘4×4 ഒളിമ്പിക്സ്’ എന്നും ഇത് അറിയപ്പെട്ടിരുന്നു. കാമൽ ട്രോഫി മത്സരത്തിന് ഇറങ്ങിയിരുന്ന ലാൻഡ് റോവർ വാഹനങ്ങളുടെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിഫൻഡറിന്റെ ട്രോഫി എഡിഷൻ എസ്‌യുവി ഒരുക്കിയിരിക്കുന്നത്.
റേഞ്ച് റോവർ, ലാൻഡ് റോവർ സീരീസ് III, ലാൻഡ് റോവർ 90, ലാൻഡ് റോവർ 110, ലാൻഡ് റോവർ ഡിഫെൻഡർ, ലാൻഡ് റോവർ ഡിസ്കവറി, ഫ്രീലാൻഡർ എന്നിവയുൾപ്പെടെയുള്ള മുഴുവൻ ലാൻഡ് റോവർ ശ്രേണിയും മത്സരത്തിൽ ഉപയോഗിച്ചത് ഡിഫെൻഡർ ട്രോഫി എഡിഷൻ പ്രചോദനം ഉൾക്കൊണ്ട ‘സാൻഡ്ഗ്ലോ’ കളർ സ്കീമിലാണ്.
ഡിഫൻഡർ 110 ട്രോഫി എഡിഷന് കരുത്ത് പകരുന്നത് 3.0 ലിറ്റർ, ഇൻലൈൻ-സിക്സ്, ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്. ഇത് 350 എച്ച്പിയും 700 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഫോർ-വീൽ ഡ്രൈവുമായി സ്റ്റാൻഡേർഡായി വരുന്നു. 6.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും മണിക്കൂറിൽ 191 കിലോമീറ്റർ വരെ പരമാവധി വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ലാൻഡ് റോവർ ഡിഫൻഡർ 110 ട്രോഫി എഡിഷന് ഡീപ് സാൻഡ്‌ഗ്ലോ യെല്ലോ, കെസ്വിക്ക് ഗ്രീൻ എന്നീ രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് നിറങ്ങളുടെ ഓപ്ഷനുകൾ ലഭിക്കുന്നു. റൂഫ്, ബോണറ്റ്, ഫ്രണ്ട്, റിയർ സ്‌കഫ് പ്ലേറ്റുകൾ, സൈഡ് ബോഡി ക്ലാഡിംഗ്, വീൽ-ആർച്ചുകൾ എന്നിവയ്‌ക്ക് വ്യത്യസ്തമായ കറുത്ത ഫിനിഷും ഇതിലുണ്ട്. ബോണറ്റിലും സി-പില്ലറിലും ട്രോഫി എഡിഷൻ ഡെക്കലുകളും ഈ പതിപ്പിൽ ഉണ്ട്.