Posted By: Nri Malayalee
December 28, 2024
സ്വന്തം ലേഖകൻ: ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടോ, മറ്റെന്തെങ്കിലും കാരണത്താലോ നിങ്ങള്‍ ബ്രിട്ടന് വെളിയിലാണ്, തിരികെ എത്തുന്നത് ഡിസംബര്‍ 31 ന് ശേഷവുമാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യു കെ വി ഐ അക്കൗണ്ട് തുറന്നു എന്നും ഇ വീസ ലഭ്യമായി എന്നും ഉറപ്പു വരുത്തുക എന്നതാണ് അതില്‍ പ്രധാനം. യാത്ര ചെയ്യുന്നതിനുള്ള രേഖയായി 2024 ഡിസംബര്‍ 31 ് കാലഹരണപ്പെടുന്ന ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റുകളോ ഇ യു സെറ്റില്‍മെന്റ് സ്‌കീം ബയോമെട്രിക് റെസിഡന്റ് കാര്‍ഡുകളോ എയര്‍ലൈന്‍സില്‍ ഉള്‍പ്പടെ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചുരുങ്ങിയത് 2025 മാര്‍ച്ച് 31 വരെയെങ്കിലും ഈ രേഖകള്‍ക്ക് സാധൂതയുണ്ടായിരിക്കുകയും ചെയ്യും.
നിരവധിപേര്‍ക്ക് ഇതുവരെയും യു കെ വി ഐ അക്കൗണ്ടുകള്‍ തുറക്കാനും, അതുപോലെ ഇ വീസ ലഭ്യമാക്കാനും കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയതു കൊണ്ടാണ് ഇപ്പോള്‍ പഴയ രേഖകളുടെകാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഒട്ടുമിക്ക പേര്‍ക്കും ഇമിഗ്രേഷന്‍ പെര്‍മിഷന്‍ ഉണ്ടെങ്കിലും 2024 ഡിസംബര്‍ 31ന് ബി ആര്‍ പികള്‍ അസാധുവാകും. അവര്‍ക്ക് അനുഗ്രഹമാവുകയാണ് ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്രയുടെ പ്രസ്താവന. നേരത്തെ ഇ വീസയ്ക്കായി നിശ്ചയിച്ച 2024 ഡിസംബര്‍ 31 എന്ന തീയതി ഇപ്പോള്‍ 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ, ഈ കാലയളവില്‍ ബ്രിട്ടന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍,കാലഹരണപ്പെട്ടതെങ്കിലും പഴയ ബി ആര്‍ പി കൂടെ കരുതണം. എന്നാല്‍, വിദഗ്ധര്‍ നല്‍കുന്ന ഉപദേശം, ബ്രിട്ടനിലേക്ക് മടങ്ങുന്ന വീസ ഉടമകള്‍, പഴയ ബി ആര്‍ പിക്ക് ഒപ്പം, താഴെ പറയുന്ന രേഖകളില്‍ സാധ്യമായത് മുഴുവന്‍ കൈയില്‍ കരുതാനാണ്. നിലവിലെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ നല്‍കിയപ്പോള്‍ തന്ന ഡിസിഷന്‍ ലെറ്റര്‍/ ഡിസിഷ ഈമെയില്‍ അതിലൊന്നാണ്. അതുപോലെ, നിലവിലെ ഇമിഗ്രേഷന്‍ പെര്‍മിഷനായി നല്‍കിയ അപേക്ഷ സ്വീകരിച്ചതിന്റെ പ്രൂഫ്/ അക്‌നോജഡ്ജ്‌മെന്റ് കൈയില്‍ കരുതുന്നതും നല്ലതായിരിക്കും.
നിങ്ങള്‍ ഒരു സ്റ്റുഡന്റ് വീസയിലാണെങ്കില്‍, നിങ്ങള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ റെജിസ്റ്റര്‍ അല്ലെങ്കില്‍ എന്റോള്‍ ചെയ്തതിന്റെ തെളിവ് ഹാജരാക്കുന്നതും നല്ലതാണ്. നിങ്ങള്‍ ഇനിയും ബ്രിട്ടന് വെളിയില്‍ പോയിട്ടില്ലെങ്കില്‍,എത്രയും പെട്ടെന്ന് ഈ രേഖകള്‍ തയ്യാറാക്കുക. യാത്ര കഴിഞ്ഞ് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുമ്പോള്‍ നിങ്ങളുടെ കാലഹരണപ്പെട്ട ബി ആര്‍ പിക്കൊപ്പം ഇവയും കരുതുക.