Posted By: Nri Malayalee
December 22, 2024
സ്വന്തം ലേഖകൻ: യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ നടപടികളുമായി സർക്കാർ ഏജൻസിയായ ഡിവിഎസ്എ. ഇതിനായി ഏഴിന നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റുകളുടെ ബുക്കിങ് എളുപ്പത്തിൽ ലഭിക്കുന്നതിനായി രാജ്യത്തുടനീളം 450 പുതിയ ഡ്രൈവിങ് എക്സാമിനർമാരെ റിക്രൂട്ട് ചെയ്യുന്നതാണ് ഇതിലെ സുപ്രധാന നടപടി.
ഡ്രൈവിങ് തിയറി പരീക്ഷ പാസായാൽ രണ്ടു വർഷത്തിനുള്ളിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസാകണം. ഇല്ലെങ്കിൽ വീണ്ടും തിയറി പരീക്ഷ അഭിമുഖീകരിക്കേണ്ടിവരും. നിലവിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 21 ആഴ്ചയാണ്. ഇത് പലയിടങ്ങളിലും ആറുമാസമോ അതിൽ കൂടുതലോ നീളുന്നു. ഒരു മണിക്കൂറോളം നീളുന്ന പ്രാക്ടിക്കൽ ടെസ്റ്റ് പലതവണ അഭിമുഖീകരിച്ചാണ് ഭൂരിപക്ഷം പേരും വിജയിച്ച് ലൈസൻസ് സ്വന്തമാക്കുന്നത്.
യുകെയിൽ പല ജോലികൾക്കും സ്വന്തമായി ഡ്രൈവിങ് ലൈസൻസ് ആവശ്യമാണെന്നിരിക്കെ ലൈസൻസ് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാത്തിരിപ്പും വിവിധ രാജ്യങ്ങളിൽ നിന്ന് ഇവിടെ എത്തുന്നവർക്കും തദ്ദേശീയർക്കും വലിയ വെല്ലുവിളിയാണ്.
ഏഴിന പദ്ധതിയുടെ ഭാഗമായി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും ഡിവിഎസ്എ ലക്ഷ്യമിടുന്നു. ബുക്കിങ് സ്ലോട്ടുകൾ ലഭിച്ചവർ പണം നഷ്ടപ്പെടാതെ അത് റദ്ദാക്കുന്നതിനുള്ള സമയപരിധി മൂന്ന് മുതൽ 10 ദിവസം വരെയാക്കും. അവസാന നിമിഷം ബുക്കിങ് റദ്ദാക്കുന്നത് മൂലം മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്.
ടെസ്റ്റുകൾ ബുക്ക് ചെയ്യുന്നതിന് ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ ഉപയോഗിക്കുന്ന സംവിധാനത്തിൽ നിയന്ത്രണങ്ങൾ വരും. ഇതനുസരിച്ച് തങ്ങളുടെ പഠിതാക്കൾക്ക് വേണ്ടി മാത്രമേ അതത് ഇൻസ്ട്രക്ടർമാർക്ക് സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയൂ. കൂടുതൽ സ്ലോട്ടുകൾ ഉദ്യോഗാർഥികൾക്ക് വേണ്ടി സ്വതന്ത്രമാക്കുന്നതിന്റെ ഭാഗമായാണിത്.
ഈ വർഷമാദ്യം ഡിപ്പാർട്ട്മെന്‍റ് ഫോർ ട്രാൻസ്പോർട്ട് (ഡിഎഫ്‌ടി) പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ച് അവസാനം വരെയുള്ള 12 മാസത്തിനുള്ളിൽ ടെസ്റ്റുകളുടെ എണ്ണം 1.9 ദശലക്ഷമായി ഉയർന്നു. ഇത് റെക്കോർഡ് ആണ്. എന്നാൽ ടെസ്റ്റുകൾ ലഭിക്കാനുള്ള കാലതാമസം പുതിയ പാരാമെഡിക്കലുകൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും ബാധിക്കുന്നത് കഴിഞ്ഞ ഒക്ടോബറിൽ പാർലമെന്‍റിൽ ചർച്ചയായിരുന്നു.