• Sun. Sep 7th, 2025

24×7 Live News

Apdin News

തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി നടന്‍ വിജയ്: ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം ഈ മാസം 13 മുതല്‍

Byadmin

Sep 4, 2025





ചെന്നൈ: തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. സംസ്ഥാന വ്യാപക ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും. തിരുച്ചിറപ്പളളിയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. ആദ്യ ഘട്ട പര്യടനം ഒരാഴ്ച്ച നീണ്ടു നില്‍ക്കുമെന്നും ഏകദേശം 10 ജില്ലകളിലൂടെയായിക്കും പര്യടനം നടക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം മധുരയില്‍ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന പര്യടനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കുകയാണ് പര്യടനം ലക്ഷ്യംവയ്ക്കുന്നത്. വിജയ്‌യുടെ റോഡ് ഷോകള്‍, ബഹുജന സമ്പര്‍ക്ക പരിപാടികള്‍ എന്നിവ ഉള്‍ക്കൊളളിച്ചായിരിക്കും പര്യടനം നടക്കുകയെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു.

ഓഗസ്റ്റ് 21-നാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. തമിഴക വെട്രി കഴകം ആര്‍ക്കും തടയാന്‍ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും വിജയ് പറഞ്ഞിരുന്നു. 2026-ല്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും എന്നും ടിവികെയ്ക്ക് ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവുമാണെന്നും വിജയ് പറഞ്ഞു.

2024 ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകം രൂപീകരിച്ചുകൊണ്ട് വിജയ് രാഷ്ട്രീയപ്രവേശം നടത്തിയത്. എട്ടുമാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 27-ന് വില്ലുപുരം ജില്ലയില്‍വെച്ച് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു. കഴിഞ്ഞ മാസം രണ്ടാം സംസ്ഥാന സമ്മേളനം നടന്നിരുന്നു. വിജയ് 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നായിരിക്കും വിജയ് ജനവിധി തേടുക.



By admin