Posted By: Nri Malayalee
January 13, 2025
സ്വന്തം ലേഖകൻ: അഫ്ഗാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രംഗത്തിറങ്ങണമെന്ന് മുസ്ലീം നേതാക്കളോട് ആഹ്വാനം ചെയ്ത് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. ഞായറാഴ്ച ഇസ്ലാമാബാദിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മലാല.
‘മുസ്ലീം നേതാക്കളെന്ന നിലയിൽ, നിങ്ങളുടെ ശബ്ദം ഉയർത്താനും നിങ്ങളുടെ ശക്തി ഉപയോഗിക്കാനുമുള്ള സമയമാണിത്. നിങ്ങൾക്ക് യഥാർത്ഥ നേതൃത്വം കാണിക്കാൻ കഴിയും’, അവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മലാലയുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്‌സായിയും പറഞ്ഞു. താലിബാനെതിരെ മുസ്ലീം രാജ്യങ്ങളിൽ നിന്ന് നിർണായക നടപടികളില്ലാത്തതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
എന്നാൽ ക്ഷണിച്ചിട്ടും അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തില്ലെന്ന് പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂൽ സിദ്ദിഖി പറഞ്ഞു. മുസ്ലീം വേൾഡ് ലീഗിൻ്റെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്. ലോകത്തുടനീളമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അഭിസംബോധന ചെയ്യാൻ പാകിസ്ഥാൻ നടത്തിയ സുപ്രധാന ശ്രമമായാണ് സമ്മേളനത്തെ വിലയിരുത്തപ്പെട്ടത്.
2021-ൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചതുമുതൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. സ്കൂളുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും പെൺകുട്ടികളെ വിലക്കി.