
ചെന്നൈ: എക്സ്പ്രസ് ഹൈവേയും അതിവേഗ റെയിൽ പാതയുമെല്ലാം ചർച്ചകളിൽ നിറയുന്ന കാലത്ത്, അതിനെക്കാളെല്ലാം വേഗത്തിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ തയാർ. ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് ഇതാ റെഡിയായിരിക്കുന്നു. റെയിൽവേ മന്ത്രാലയത്തിന്‍റെ സഹായത്തോടെ മദ്രാസ് ഐഐടിയാണ് 422 മീറ്റർ ദൈർഘ്യമുള്ള ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.
അതിവേഗത്തിൽ ദീർഘദൂര യാത്രകൾ നടത്താൻ സഹായിക്കുന്ന അത്യാധുനിക സങ്കേതമാണ് ഹൈപ്പർലൂപ്പ്. ഒറ്റ മണിക്കൂറിൽ 761 കിലോമീറ്റർ യാത്ര ചെയ്യാനാവും. അതായത്, തിരുവനന്തപുരത്തുനിന്ന് ഏകദേശം 30 മിനിറ്റ് കൊണ്ട് കോഴിക്കോട് വരെയെത്താം!
കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവാണ് ടെസ്റ്റ് ട്രാക്കിന്‍റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. ഈ പരീക്ഷണത്തിനു വേണ്ടി റെയിൽ മന്ത്രാലയം ഏകദേശം 26 കോടി രൂപയുടെ ഗ്രാന്‍റാണ് മദ്രാസ് ഐഐടിക്ക് അനുവദിച്ചിട്ടുള്ളത്. ടെസ്റ്റ് ട്രാക്ക് തയാറായ സാഹചര്യത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രോജക്റ്റുമായി മുന്നോട്ടു പോകാനാണ് റെയിൽ മന്ത്രാലയത്തിന്‍റെ തീരുമാനം.