
തിരുവനന്തപുരം: വെഞ്ഞാറമൂട് ആറ് പേരെ വെട്ടിക്കൊന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പേരുല സ്വദേശി അഫാൻ (23) ആണ് കൂട്ടക്കൊല നടത്തിയത്. മൂന്നു വീടുകളിലായി ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് അഫാൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പേരുമലയിൽ മൂന്നു പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയുമാണ് വെട്ടിയത്. കുടുംബപ്രശ്നമാണ് ക്രൂരമായ കൊലപാതകത്തിന് വഴി വച്ചതെന്നാണ് പ്രാഥമിക നിഗമനം.
പാങ്ങോട്ടുള്ള വീട്ടിലെത്തി അച്ഛന്‍റെ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇവിടെ നിന്നും സൽമാബീവിയുടെ(88) മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സ്വന്തം വീട്ടിലുണ്ടായിരുന്ന അമ്മയെയും 13 വയസ്സുള്ള സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫസാനയെയും വെട്ടി. ഇതിൽ അഫ്സാനും ഫസാനയും മരിച്ചതായി സ്ഥിരീകരിച്ചു. അഫാന്‍റെ അമ്മയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുള്ളാളത്ത് ഫസാനയുടെ വീട്ടിലെത്തി ഫസാനയുടെ മാതാപിതാക്കളായ ലത്തീഫ് , ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. ഇവരുടെയും മരണം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലയ്ക്കു ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ടതിനു ശേഷമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വിസിറ്റിങ് വിസയിൽ വിദേശത്തായിരുന്ന പ്രതി അടുത്തിടെയാണ് തിരിച്ചെത്തിയത്. മാതാവ് കാൻസർ ബാധിതയാണ്.