
കൊച്ചി: ‘തുടരും’ എന്ന മോഹൻലാൽ സിനിമയ്‌ക്കെതിരേ മോഷണ ആരോപണവുമായി സംവിധായകന്‍ എ.പി. നന്ദകുമാര്‍. ചിത്രത്തിന്‍റെ കഥയും തിരക്കഥയും തന്‍റെ “രാമന്‍’ എന്ന സിനിമയുടേതാണെന്ന് നന്ദകുമാര്‍ ആരോപിച്ചു. ചിത്രത്തിലെ 15ഓളം സീനുകള്‍ “രാമന്‍’ സിനിമയുടെ സീനുകളാണെന്നും നന്ദകുമാര്‍ പറഞ്ഞു.
ചിത്രത്തിന്‍റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നായകൻ മോഹന്‍ലാലിനും വക്കീല്‍ നോട്ടീസ് അയക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും “ബ്ലാസ്റ്റേഴ്സ്’ അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനായ നന്ദകുമാര്‍ അറിയിച്ചു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നന്ദകുമാര്‍ ഇക്കാര്യം അറിയിച്ചത്. തുടരും എന്ന ചിത്രം കഴിഞ്ഞ ദിവസമാണു തിയെറ്ററുകളില്‍ എത്തിയത്.
റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം പ്രശാന്ത് വർമ, ബിനു പപ്പു, മണിയന്‍ പിള്ള രാജു അടക്കമുള്ളവരും നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.