ആധുനികത എത്ര കടന്ന് വന്നാലും ഓണം മലയാളിക്ക് ഒരുപാട് ഗൃഹാതുരതകൾ സമ്മാനിക്കുന്നതാണ്. അതോടൊപ്പം കേരളീയർക്ക് ഓണക്കാലം നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും കൂടിയാണ് ഓണനാളിൽ മഹാബലിയോളം തന്നെ പ്രിയപ്പെട്ടതാണ് തൃക്കാക്കരയപ്പനും. ഇനിയിപ്പൊ ഈ തൃക്കാക്കരപ്പൻ എന്നു വെച്ചാൽ ആരാ? ആരെങ്കിലും ചോദിച്ചാ പിന്നെ സംശയമായി…………. തൃക്കാക്കരയപ്പന്‍ മാവേലിയാണെന്നും വാമനനാണെന്നും ചില തര്‍ക്കമുണ്ട്.. സത്യത്തിൽ ആരാണീ തൃക്കാക്കരയപ്പൻ?

മാവേലിയെ വരവേല്ക്കാന്‍ അത്തം മുതല്‍ പൂക്കളമിടുന്നവര്‍ ഉത്രാടം വരെ പൂക്കളമൊരുക്കി തിരുവോണത്തിന് പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെച്ച് പൂജിക്കുകയാണ് ചടങ്ങ്. നാക്കിലയിട്ട് അതിനു മുകളില്‍ പീഠം വച്ച് അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളത്തില്‍ തൃക്കാക്കര അപ്പനെ വക്കും. മാതേവരെ വെക്കുക എന്നും പറയാറുണ്ട്. മാവേലി തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പങ്ങളില്‍ മൂന്ന് മാതേവരെയാണ് മിക്കവാറും എല്ലായിടങ്ങളിലും വെക്കാറുള്ളത്.

തൃക്കാക്കരയപ്പന്‍ മാവേലിയാണെന്നും വാമനനാണെന്നും ചില തര്‍ക്കമുണ്ട്. ഉത്രാടം മുതല്‍ തൃക്കാക്കരയപ്പനെയും തിരുവോണത്തിന് മഹാബലിയെയും വെക്കുന്നവരുണ്ട്. ബലിക്കൊപ്പം മുത്തശ്ശി അമ്മ, കുട്ടി പട്ടര്‍, അമ്മി, ആട്ടുകല്ല്, അരകല്ല്, ഉരല്‍ തുടങ്ങിയ മണ്‍ശില്പങ്ങളും വയ്ക്കുന്ന ചടങ്ങുണ്ട്.

തൃക്കാക്കരയപ്പന്‍ കേരളത്തില്‍ മാത്രമുള്ള വിഷ്ണുസങ്കല്‍പ്പമാണ്. ഓണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് തൃക്കാക്കര. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ വാമനമൂര്‍ത്തിയാണ് മലയാളികളുടെ പ്രിയദേവനായ തൃക്കാക്കരയപ്പന്‍.

തൃക്കാക്കരയില്‍ മഹോദയപുരം പെരുമാക്കള്‍ കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഓണാഘോഷം നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ചേര സാമ്രാജ്യത്തിലെ 56 നാട്ടുരാജാക്കന്മാരും സാമന്തന്‍മാരും പ്രഭുക്കളുമെല്ലാം പെരുമാളുടെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവത്രെ. ഒരിക്കല്‍ ഇതിന് ഭംഗം വന്നപ്പോള്‍, തൃക്കാക്കരയെത്താത്തവര്‍ വീട്ടില്‍ തന്നെ ഓണം ആഘോഷിക്കണമെന്ന് പെരുമാളുടെ കല്പന ഉണ്ടായത്രെ. ഇതേ തുടര്‍ന്നാണ് വീടുകളില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പന്റെ മണ്‍ വിഗ്രഹം പൂജിക്കാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം. എന്നാല്‍ മാതേവരെ വെക്കുന്നതില്‍ പലയിടത്തും പല കണക്കാണ് കണ്ടിട്ടുള്ളത്.
കര്‍ക്കടകമാസത്തിലെ തിരുവോണനാളിലാരംഭിച്ച്, മഹാബലിക്ക് മോക്ഷം സിദ്ധിച്ച ചിങ്ങത്തിലെ തിരുവോണനാളിലവസാനിക്കുന്ന ചടങ്ങുകളായിരുന്നു പണ്ടിവിടെ.

ഇതിന്‍റെ തുടര്‍ച്ചയായാണ് മണ്ണു കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്‍റെ വിഗ്രഹങ്ങള്‍ ഇന്നും കേരളീയ ഗൃഹങ്ങളില്‍ പൂജിക്കുന്നത്.

രാജഭരണകാലത്ത് തൃക്കാക്കരയപ്പന് 56 രാജാക്കന്മാരുടെ മേല്‍ക്കോയ്മയുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 26 ദിവസം നീണ്ടുനിന്നിരുന്ന ഓണം നടത്തിയിരുന്നത് ഓരോ ദിവസവും ഈരണ്ട് രാജാക്കന്മാര്‍ ചേര്‍ന്നായിരുന്നു.

തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു.