കൊച്ചി: കാളകൂടം വിളമ്പുന്ന വിദ്വേഷ രാഷ്ട്രീയത്തിന് കേരള ഹൈക്കോടതിയുടെ ശക്തമായ പ്രഹരം. കേരളത്തെയും ഇവിടുത്തെ ജനതയെയും അന്യായമായി അപകീർത്തിപ്പെടുത്തുന്ന ‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ റിലീസ് കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് നാളെ തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന് ഇടക്കാല ഉത്തരവിലൂടെ തടയിട്ടത്.
വസ്തുതകളെ വികലമാക്കിയും കേരളീയരെ മോശക്കാരായി ചിത്രീകരിച്ചും വിദ്വേഷം പടർത്താനുള്ള നീക്കത്തിനാണ് കോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ബുദ്ധിയുപയോഗിക്കാതെയാണോ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ചോദിച്ച കോടതി, സർട്ടിഫിക്കേഷൻ അനുവദിച്ചതിൽ സെൻസർ ബോർഡിന് വീഴ്ച പറ്റിയെന്നും പ്രാഥമികമായി നിരീക്ഷിച്ചു. ഹർജിക്കാർ നൽകിയ പുനഃപരിശോധനാ ഹർജികൾ രണ്ടാഴ്ചയ്ക്കകം പരിഗണിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ സെൻസർ ബോർഡിന് കോടതി നിർദ്ദേശം നൽകി.
കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രെഡി വി ഫ്രാൻസിസ് എന്നിവർ നൽകിയ ഹർജികളിലാണ് നടപടി. സിനിമയുടെ പേരും പ്രൊമോഷണൽ വീഡിയോകളും കേരളത്തിന് തീവ്രവാദബന്ധമുണ്ടെന്ന് വരുത്തിത്തീർക്കുന്നതാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സിനിമയിലെ ‘ഇനി സഹിക്കില്ല, പോരാടും’ (ab sahenge nahin… ladenge) എന്ന ഡയലോഗ് വർഗീയ ലഹളയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്നും ഹർജിയിൽ ആരോപണമുണ്ട്. സിനിമയുടെ ഇതിവൃത്തത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും കേരളത്തിന്റെ പേര് ഉപയോഗിക്കുന്നത് ബോധപൂർവമായ നീക്കമാണെന്ന് കോടതി നിരീക്ഷിച്ചു.
സാധാരണഗതിയിൽ സിനിമകളുടെ റിലീസിൽ ഇടപെടാറില്ലെങ്കിലും, വർഗീയ ഐക്യം തകർക്കാൻ സാധ്യതയുള്ള വിഷയമായതിനാലാണ് ഇടപെടുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. സിനിമയുടെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സ് ഹർജികളെ എതിർത്തുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. വാദപ്രതിവാദങ്ങൾ പൂർത്തിയാകുന്നത് വരെ സിനിമ വെളിച്ചം കാണില്ലെന്ന് കോടതി ഉറപ്പുവരുത്തി. വിപുൽ അമൃത് ലാൽ ഷാ നിർമ്മിച്ച് കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ലാഭം കൊയ്യാനുള്ള ‘വിദ്വേഷത്തിന്റെ വിപണനം’ ആണെന്ന ആണെന്ന വികാരം പൊതുസമൂഹത്തിൽ ശക്തമാണ്.