നവരാത്രി കാലത്തെ പത്ത് ദിവസങ്ങൾ ഈ നഗരത്തിൽ എവിടെത്തിരിഞ്ഞ് നോക്കിയാലും ദീപാലംകൃതമായിരിക്കും, പ്രകാശപൂരിതമായ മൈസൂർ കൊട്ടാരവും നഗരവീഥികളും തന്നെയാണ് മൈസൂർ ദസറയുടെ ഏറ്റവും മനോഹരമായ കാഴ്ച. ഇവയെ ഒന്നുകൂടി മാറ്റുകൂട്ടുന്നവയാണ് കൊട്ടാര പരിസരത്തെ നൃത്ത നൃത്ത്യങ്ങളും സംഗീതനിശകളും സാംസ്കരിക പരിപാടികളും. ദസറക്കാഴ്ചകൾ ആസ്വദിക്കാൻ ദിവസവും നഗരത്തിൽ ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. ദീപാലംകൃതവും വർണാഭവവുമായ മൈസൂരുവിന്റെ നഗരവീഥികളാണ് ദസറക്കാലത്ത് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ. ഇത് രാംലീല എന്ന പേരിലും അറിയപ്പെടുന്നു. ലങ്കാധിപധിയായ രാവണനെ ശ്രീരാമന്‍ കീഴടക്കിയത് പോലെ മഹിഷാസുരന്‍ എന്ന അസുരനെ ദുര്‍ഗാദേവി വധിച്ചതിന്റെ അടയാളമായാണ് ദസറ ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയാണ് ഈ ആഘോഷം സൂചിപ്പിക്കുന്നത്. പത്തു തലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്റ എന്ന പേരു വന്നത്. കർണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂർ ദസറ.

ദസ്റയിൽ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭ കർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീദാസ് രചിച്ച രാമചരിതമാനസം ആലപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ദസ്റയെന്നാൽ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയിൽ ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച ചടങ്ങുകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നു.

മൈസൂർ കൊട്ടാര നഗരിയിലെ ദസറയിലും മറക്കാതെ കാണേണ്ട ഒരുപാട് കാഴ്ചകളുണ്ട് കർണാടകയുടെ സാംസ്കാരികതയും പൈതൃകവും വിളിച്ചോതുന്ന വിവിധങ്ങളായ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികളും, ആന, കുതിര പരേഡുകളും കായിക മത്സര ങ്ങളും അങ്ങനെ ഒട്ടനവധി.

മൈസൂരു ദസറയിൽ ആളുകളെ ആകർഷിക്കുന്ന പ്രധാന പരിപാടി ആനകളുടെ ഗംഭീരമായ ഘോഷയാത്രയാണ്. ലോകപ്രശസ്തമായ ജംബു സവാരി ഈ വർഷം ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിലാണ്.ദീപാലംകൃതമായ മൈസൂർ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ് ചരിത്രപരമായ പാരമ്പര്യം നടത്തുന്നത്.ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിഷ്ഠയുള്ള സ്വർണ ഹൗഡ വഹിച്ചുകൊണ്ടുള്ള 14 ആനകളുടെ ഘോഷയാത്ര കാണാൻ നഗരത്തിൽ ജനസഹ്രസങ്ങളായിരിക്കും.

ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം അവതരിപ്പിക്കാനൊരുങ്ങുന്ന എയർഷോ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.സെപ്റ്റംബർ 27-ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് എയർഷോ. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഹോക്ക് എംകെ -132 ജെറ്റുകളാണ് എയർഷോയിൽ ആകാശത്ത് കാഴ്ചയുടെ വിസ്മയം തീർത്തത്. മനോഹരമായ ലൂപ്പ് ഐറ്റം, ആവേശകരമായ ബാരൽ റോൾ മുതൽ തലകീഴായ പറക്കൽ തുടങ്ങിയ അഭ്യാസ പ്രകടനങ്ങളായിരുന്നു ഷോയിലുടനീളം.

ദസറ കാണാനെത്തുന്നവർക്ക് രുചി പകരാൻ 14 ദിവസം നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയാണ് ഈ വർഷത്തെ മറ്റൊരാകർഷണം. തിങ്കളാഴ്ച ആരംഭിച്ച മേള ഒക്ടോബർ അഞ്ച് വരെ മഹാരാജാസ് ഗ്രൗണ്ടിലാണ് നടക്കുക. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണ ഇനങ്ങൾ ആകെ 120 സ്റ്റാളുകളിലായാണ് ഒരുങ്ങിയത്. ഗോത്ര വിഭാഗക്കാരുടെ ഭക്ഷണങ്ങളും അവരുടെ പ്രശസ്തമായ മുള ബിരിയാണിയും മേളയിലെ പ്രധാന താരങ്ങളായിരുന്നു. കർണാടകത്തിന് പുറമെ രാജസ്ഥാൻ, ഗുജറാത്ത്, കേരളം, പഞ്ചാബ്, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങളും മേളയിൽ സജ്ജീവമായിരുന്നു.

സെപ്റ്റംബർ 23 മുതൽ 27 വരെ കുവേംപു കന്നഡ അധ്യായന സംസ്ഥേയിലെ ബിഎം ശ്രീ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ കലാ പ്രദർശനം.സംസ്‌കാരം വിളിച്ചോതുന്ന ‘പഞ്ച കാവ്യദൗത്യം’ മുതൽ കവിതാ സെഷനുകൾ വരെയുണ്ട്.

ഇത്തവണ കുപ്പണ്ണ പാർക്ക്, ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലെ പുഷ്പോത്സവം സംഘടിപ്പിച്ചത്, ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ 40,000 ത്തിലധികം പൂച്ചട്ടിളിലായി 450 ലധികം ഇനം പുഷ്പങ്ങളാണ് കാഴ്ചക്ക് വിരുന്നൊരുക്കിയത്.

തിങ്കളാഴ്ച തിരിതെളിഞ്ഞ മൈസൂരു ദസറയ്ക്ക് ഒക്ടോബർ 2 വ്യാഴാഴ്ചയോടെ തിരശീല വീഴും. ഇക്കുറി അഭൂതപൂർവമായ തിരക്കാണ് ദസറയ്ക്ക്. ദസറയുടെ ആദ്യ ഒരാഴ്ച അഞ്ച് ലക്ഷത്തിനടുത്താളുകൾ മൈസൂരുവിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ കണക്ക് ഇതിലേറെ വരും.

ദസറ ജംബു സവാരിയും എയർഷോയും പുഷ്‌പോത്സവവും ഭക്ഷ്യമേളയും കലാപ്രദർശനങ്ങളും ഹൃദയഹാരിയായ കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞതാണ്. ചരിത്രം, സംസ്കാരം, വിനോദം എന്നിവയെല്ലാം നിറഞ്ഞതാണ് ഓരോ ദസറക്കാലത്തേയും കാഴ്ചകൾ. അടുത്ത നവരാത്രികാലം വരെ ഓർത്തിരിക്കാനുള്ള നിറമുള്ള ഓർമകൾ സമ്മാനിച്ചുകൊണ്ട് തന്നെയാണ് ഇത്തവണയും കാഴ്ചയുടെ ഈ നിറവസന്തത്തിന് തിരശീല വീഴുന്നത്.