• Wed. Sep 3rd, 2025

24×7 Live News

Apdin News

ദീപാവലിയോടെ സ്വര്‍ണ വില പവന് 80,000 രൂപ!

Byadmin

Sep 2, 2025


കൊച്ചി: ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ ആശങ്കകളും അമെരിക്കയില്‍ മുഖ്യ പലിശ കുറയാനുള്ള സാധ്യതയും സ്വര്‍ണ വിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. കേരളത്തില്‍ പവന്‍ വില 680 രൂപ ഉയര്‍ന്ന് 77,640 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഗ്രാമിന്‍റെ വില 85 രൂപ ഉയര്‍ന്ന് 9,705 രൂപയായി. ആഗോള തലത്തില്‍ ശാക്തിക ചേരിയിലുണ്ടാകുന്ന മാറ്റങ്ങളും ട്രംപിന്‍റെ തീരുവ യുദ്ധവും നിക്ഷേപകര്‍ക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. അമെരിക്കയും യൂറോപ്യന്‍ യൂണിയനുമടങ്ങിയ പശ്ചാത്യ സംഖ്യത്തിനെതിരേ റഷ്യയും ചൈനയും ഇന്ത്യയുമടങ്ങുന്ന ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിക്കുന്നതാണ് നിക്ഷേപകരെ മുള്‍മുനയിലാക്കുന്നത്. ഇതോടെ വന്‍കിട ആഗോള ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും വിദേശ നാണയ ശേഖരത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്‍റെ അളവ് കൂട്ടുകയാണ്.

ഇതോടൊപ്പം അമെരിക്കയില്‍ തൊഴില്‍ രംഗത്തെ പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്കില്‍ അര ശതമാനം കുറവ് വരുത്തിയേക്കുമെന്ന വിലയിരുത്തലും സ്വര്‍ണത്തിന് അനുകൂലമാണ്. ആഗോള സാമ്പത്തിക രംഗത്ത് അമെരിക്കയുടെ വിശ്വാസ്യത ഇടിഞ്ഞതോടെ ഡോളര്‍ ദുര്‍ബലമാകുന്നതും സ്വര്‍ണത്തിന് പ്രിയം വർധിപ്പിക്കുന്നു.

ഓഹരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് പണം സ്വര്‍ണത്തിലേക്ക് മാറ്റിയതോടെ രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് 21 ഡോളര്‍ വർധിച്ച് 3,470 ഡോളറായി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ വില പത്ത് ഗ്രാമിന് 1,06,000 രൂപയിലെത്തി. ഓഗസ്റ്റ് 20ന് 73,440 രൂപ വരെ താഴ്ന്നതിനു ശേഷമാണ് പവന്‍ വില 4,200 രൂപ നേട്ടത്തോടെ ഇന്നലെ 77,640 രൂപയിലെത്തിയത്. 2020 മാര്‍ച്ച് 31ന് കേരളത്തില്‍ പവന്‍ വില 32,000 രൂപ മാത്രമായിരുന്നു.

ഇപ്പോഴത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയുമടക്കം ഉപയോക്താവ് ചുരുങ്ങിയത് 84,000 രൂപ നല്‍കണം. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ദീപാവലിയോടെ സ്വര്‍ണ വില പവന് 80,000 രൂപയിലെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.

By admin