മനാമ: ദീപാവലി ആഘോഷത്തില്‍ പങ്കുചേരാന്‍ പ്രവാസി മലയാളി വ്യവസായി പമ്പാവാസന്‍ നായരുടെ വസതിയിലെത്തി ബഹ്‌റൈന്‍ രാജകുടുംബാംഗം. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പ്രതിനിധീകരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് വ്യവസായിയുടെ ബഹ്‌റൈനിലെ വസതിയിലെത്തിയത്.
കാബിനറ്റ് കാര്യ മന്ത്രി ഹമദ് അല്‍ മാല്‍ക്കി, കിരീടാവകാശിയുടെ കോടതിയിലെ രാഷ്ട്രീയ, സാമ്പത്തിക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ, മാധ്യമ ഉപദേഷ്ടാവ് ഈസ അല്‍ ഹമ്മദി എന്നിവരും പ്രധാനമന്ത്രിയുടെ ഓഫീസിലെ നയരൂപീകരണ, ഏകോപന ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് ഫഹദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ ഖലീഫ, ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ മഹ്‌മീദ്, ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാഇല്‍ അല്‍ മുബാറക്, റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഡെപ്യൂട്ടി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുസ്തഫ അല്‍ സയീദ്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഫയേഴ്സ് ഉപദേഷ്ടാവ് അലി അല്‍ അസ്ഫൂര്‍, എംപി മുഹമ്മദ് അല്‍ ജനാഹി എന്നിവര്‍ മറ്റ് വിശിഷ്ടാതിഥികളായിരുന്നു.
അലസ്റ്റര്‍ ലോങ് (ബ്രിട്ടന്‍), ഹെന്നിംഗ് സൈമണ്‍ (ജര്‍മ്മനി), എറിക് ഗിറാഡ്-ടെല്‍മെ (ഫ്രാന്‍സ്), ഒകായ് അസകോ (ജാപ്പാന്‍), ഷാനിക ദിസനായകേ (ശ്രീലങ്ക), തീര്‍ത്ഥ വാഗ്ലെ (നേപ്പാള്‍) എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
The post ദീപാവലി ആഘോഷം; പ്രവാസി മലയാളി വ്യവസായിയുടെ വീട്ടിലെത്തി ബഹ്‌റൈന്‍ രാജകുടുംബാംഗം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.