Posted By: Nri Malayalee
October 29, 2024
സ്വന്തം ലേഖകൻ: ദുബായിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍. ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വാടകയില്‍ ഈയിടെയുണ്ടായ വലിയ വര്‍ധനവ് തുടരില്ലെന്നും കുറച്ചുകാലത്തേക്ക് അത് മാറ്റമില്ലാതെ തുടരുമെന്നുമാണ് ഏജന്‍സിയുടെ പുതിയ വിലയിരുത്തല്‍. അതോടൊപ്പം ഒന്നര വര്‍ഷത്തിനു ശേഷം ദുബായിലെ കെട്ടിട വാടക നിരക്കില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബായില്‍ പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതാണ് വാടക നിരക്ക് കുറയുമെന്ന വിലയിരുത്തലിന് പിന്നില്‍. കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ അഭൂതപൂര്‍വമായ ഡിമാന്‍ഡ് കാരണം ദുബായിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാടകയും വസ്തുവിലയും സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ആശ്വാസകരമായ റിപ്പോര്‍ട്ട്.
ദുബായിലെ പ്രോപ്പര്‍ട്ടി വിലകളും വാടകയും അടുത്ത 18 മാസങ്ങളില്‍ നിലവിലെ നിരക്കില്‍ തുടരും. കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച മാന്ദ്യത്തിനു ശേഷം നിരവധി പുതിയ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇവ ഉപഭോക്താക്കള്‍ക്ക് വിതരണത്തിന് സജ്ജമാകുന്നതോടെ വിടാക വിലയില്‍ വലിയ കുറവുണ്ടാവുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകരുടെ ആവശ്യത്തിന് അനുസൃതമായ നയരൂപീകരണങ്ങളും നിക്ഷേപകരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വീസ പരിഷ്‌കാരങ്ങളും ദുബായുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ സ്ഥിരതയും ശക്തിയും നിലനിര്‍ത്താന്‍ സഹായകമായി. മേഖലയിലെ സംഘര്‍ഷാവസ്ഥ പ്രാദേശിക വിപണിയില്‍ വലിയ വെല്ലുവിളി ഉയര്‍ത്താതിരുന്നതില്‍ ഇക്കാര്യങ്ങള്‍ നിര്‍ണായകമായതായും അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.
2025-ല്‍ ലഭ്യമായ യൂണിറ്റുകളുടെ സ്റ്റോക്ക് ആദ്യം നോണ്‍-പ്രൈം ഏരിയകളിലും പിന്നീട് വിശാലമായ വിപണിയിലും വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടക വളര്‍ച്ച സ്ഥിരത കൈവരിക്കുമെന്ന് അത് പറഞ്ഞു. മാര്‍ക്കറ്റിലെ ഡിമാന്റിനേക്കാള്‍ കൂടുതല്‍ കെട്ടിടങ്ങളുടെ ലഭ്യത അടുത്ത 18 മാസങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും ഇത് പ്രോപ്പര്‍ട്ടി വില കുറയാന്‍ സഹായിക്കുമന്നും ഏജന്‍സി വ്യക്തമാക്കി.
2025-2026 കാലയളവില്‍ റെസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് ഏകദേശം 182,000 യൂണിറ്റുകള്‍ വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് 2019-2023ല്‍ പ്രതിവര്‍ഷം വിതരണം ചെയ്ത ശരാശരി 40,000 യൂണിറ്റുകളേക്കാള്‍ വളരെ കൂടുതലാണെന്ന് എസ് ആന്റ് പി ഗ്ലോബലിലെ പ്രൈമറി ക്രെഡിറ്റ് അനലിസ്റ്റ് സപ്ന ജഗ്തിയാനി പറഞ്ഞു.