• Mon. Sep 1st, 2025

24×7 Live News

Apdin News

ദുബായിൽ ഓണാഘോഷം തുടങ്ങി ; കേരള രാഷ്ട്രീയം മുഖാമുഖം !

Byadmin

Aug 31, 2025


‘ഒന്നിച്ചോണം ഒരുമിച്ച് ഉണ്ണാം’ എന്ന ശീർഷകത്തിൽ ദുബായിലെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്കു സമാരംഭം കുറിച്ച് ഐ സി എൽ ഫിൻകോർപ്. അത്തപ്പൂക്കളമത്സരങ്ങളോടെ ആരംഭിച്ച പരിപാടികൾ അക്ഷരാർത്ഥത്തിൽ കേരളത്തെ ദുബായിൽ പറിച്ചുനട്ടതുപോലെ തനിമ നിറഞ്ഞതായിരുന്നു.

മുത്തുക്കുട, താലപ്പൊലി,ചെണ്ടമേളം,പുലിക്കളി,തിരുവാതിരകളി, മാവേലിമന്നന്‍…
” ഇതെല്ലാം കാണുമ്പോൾ നമ്മൾ ഇപ്പോൾ നിൽക്കുന്നത് ദുബായിലാണോ അതോ കേരളത്തിലാണോ എന്നു സംശയം തോന്നുകയാണ് ”
മലയാണ്മക്ക് മകുടംചാർത്തിയ ഓണപ്പരിപാടികൾക്കു സാക്ഷ്യം വഹിച്ച പ്രതിപക്ഷനേതാവ് വിഡി സതീശനും രാജ്യസഭാംഗം ജോൺബ്രിട്ടാസും ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്‌.

രണ്ടുചേരികളിൽ നിൽക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഒരു വേദിയിൽ ഒരേ അഭിപ്രായം പറഞ്ഞതിനെ ഹർഷാരവത്തോടെയാണ് തിങ്ങിനിറഞ്ഞ ജനാവലി വരവേറ്റത്.

” നാടിന്റെ വേരുകളെ ആർക്കും മുറിക്കാനാവില്ല. ജാതിമതഭേദമന്യേയുള്ള ഈ സാംസ്കാരിക ചൈതന്യം തലമുറകൾക്കു കൈമാറുന്നതിന് ഇതുപോലുള്ള ഓണപ്പരിപാടികൾക്കു കഴിയുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഇവിടെ കാണുന്നത്. ഞാനിപ്പോൾ നിൽക്കുന്നത് തൃശ്ശൂരിലാണെന്ന് എനിക്കു തോന്നിപ്പോകുന്നു. മനസ്സുകള്‍ അകന്നുകൊണ്ടിരിക്കുന്ന ഈ നേരത്ത് അതിനെ ഒന്നിച്ചു ചേർക്കാൻ ഇത്തരം പരിപാടികൾക്കാകട്ടെ എന്നുഞാൻ ആശംസിക്കുന്നു.”
വി ഡി സതീശന്റെ പ്രസംഗം ഇവ്വിധം നീണ്ടുപോകുമ്പോൾ, ഇപ്പോഴത്തെ കലുഷിതമായ കേരള രാഷ്ട്രീയ സാഹചര്യത്തിൽ അതേക്കുറിച്ചു ദുബായിൽ പറയുമോ എന്ന്‌ മാധ്യമപ്രവാർത്തകൾ ഉൾപ്പെടെയുള്ളവർ സന്ദേഹികളായി കാണപ്പെട്ടതുകൊണ്ടാവാം അദ്ദേഹം പുഞ്ചിരിയോടെ ഇങ്ങനെ കൂട്ടിച്ചേർത്തു.
” ഇവിടെ എന്റെയും ജോൺ ബ്രിട്ടാസിന്റെയും സീറ്റുകൾക്കിടയിൽ അകലം കാണാതിരിക്കുന്നതിൽ സന്തോഷമുണ്ട്. അദുശ്യമായ ഒരു’ബോണ്ട്’ അതിലുണ്ട്.”

ജോൺബ്രിട്ടാസ് തന്റെ പ്രസംഗം ആരംഭിച്ചതാവട്ടെ സതീശൻ പറഞ്ഞു നിർത്തിയതിന്റെ തുടർച്ച പോലെയും: ” എന്റെ സ്നേഹിതൻ പറഞ്ഞതുപോലെ ഞങ്ങളെ ഭിന്നിപ്പിക്കാൻ ഇവിടെ ചിലർ ശ്രമിച്ചുനോക്കി. നാട്ടിൽ ഞങ്ങൾ രണ്ടായിട്ട് ഇരുന്നേക്കാം. ഇവിടെ ഞങ്ങൾ ഒന്നിച്ചാണ്”

ശ്രോതാക്കൾക്ക് കൗതുകം പകർന്നു തുടർന്നു സംസാരിച്ച ബ്രിട്ടാസ് ഇങ്ങനൊരു വലിയപരിപാടിയിലേക്കു തന്നെ ക്ഷണിച്ച ഐസിഎൽ ഗ്രൂപ്പ് സി എംഡിയും ലാറ്റിനമേരിക്കൻ- കരീബിയൻ രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറുമായ അഡ്വ.കെ ജി അനിൽകുമാറിന് നന്ദി പറഞ്ഞു.

അജ്‌മാൻ രാജകുടുംബാംഗം ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ അൽ നുഐമി മുഖ്യാതിഥിയായിരുന്നു. അഡ്വ. അനിൽകുമാർ സ്വാഗതം പറഞ്ഞു.

ജയരാജ് വാര്യർ, തുമ്പപ്പൂവും മുക്കുറ്റിയും നന്ദ്യാർവട്ടവും ചെമ്പരത്തിയും വരികളിൽ വിടരുന്ന പാട്ടുകൾ കോർത്തിണക്കിയും ഓണസ്‌മൃതികളുണർത്തിയും അവതരിപ്പിച്ച പരിപാടി കാണികൾക്കു ഹൃദ്യമായ അനുഭവമായി.

നിറഞ്ഞസദസ്സിൽ പ്രദർശനം തുടരുന്ന’ലോക ചാപ്റ്റർ 1′ എന്ന സിനിമയിയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമായ നസ്ലിൻ, കല്യാണി പ്രിയദർശൻ, ചന്തു സലിംകുമാർ,അരുൺ കുര്യൻ,ഷംനാദ്,ഡൊമിനിക് അരുൺ,നസീർ,ആന്റോ ജോസഫ് എന്നിവർ സംബന്ധിച്ചു ചടങ്ങിന് താരപ്രഭ പകർന്നു.

റീജൻസി ഗ്രൂപ്പ് മേധാവി എപി ശംസുദ്ധീൻ,ഐസി എൽ ഗ്രൂപ്പ് ഹോൾടൈം ഡയറക്ടർ ഉമ അനിൽകുമാർ, ഗ്ലോബൽ ഡയറക്ടർ അമൽജിത് മേനോൻ എന്നിവർ ആശംസകൾ നേർന്നു.

അത്തപ്പൂ -പായസ മത്സരങ്ങളിലും ആവേശകരമായി മാറിയ വടംവലിയിലും ജേതാക്കളായവർക്കു ക്യാഷ് പ്രൈസ് നൽകി. വിഭവസമൃദ്ധമായ ഓണസദ്യയില്‍ ആയിരത്തോളം പേർ പങ്കുകൊണ്ടു. ദുബായ് ടൗൺടൗണിലെ റമി ഡ്രീം നക്ഷത്ര ഹോട്ടൽ അങ്കണത്തിൽ നടന്ന പരിപാടിയുടെ സംഘാടനംനിർവഹിച്ചത് ഏഷ്യാവിഷൻ.

By admin