Posted By: Nri Malayalee
February 8, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-08-171747.png?resize=631%2C415)
സ്വന്തം ലേഖകൻ: കരാമയും അൽഖൂസും അബുഹെയ്‌ലും അടക്കം മലയാളികൾ തിങ്ങിപ്പാർക്കുന്ന പാർപ്പിട മേഖലകളെ വാഹന മുക്തമാക്കാൻ ഒരുങ്ങി ദുബായ്. കാൽനട, സൈക്കിൾ യാത്രകൾ മാത്രം അനുവദിക്കുന്ന ടൗൺഷിപ്പുകളാക്കി, മരങ്ങളും ചെടികളും നട്ട് സുസ്ഥിര നഗരമാക്കുകയാണ് ലക്ഷ്യം.
അൽ ഫഹിദി, അബു ഹെയ്‌ൽ, കരാമ, അൽ ഖൂസ് എന്നീ നാല് മേഖലകളെയാണ് ഇത്തരത്തിൽ നവീകരിക്കുന്നത്. സൂപ്പർ ബ്ലോക്ക് ഇനിഷ്യേറ്റീവ് എന്നു പേരിട്ടിരിക്കുന്ന നവീകരണ പദ്ധതി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തൂമാണ് പ്രഖ്യാപിച്ചത്.
വീതി കുറഞ്ഞ റോഡുകളായതിനാൽ തിരക്ക് കാരണം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കരാമയിലേക്കുള്ള പ്രവേശനം ദുഷ്കരണമാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ഈ ദിവസങ്ങളിൽ മേഖലയിലുണ്ടാകുക. താമസക്കാർക്കു പോലും പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം റോഡിലെ തിരക്ക് ഈ മേഖലകളെ വീർപ്പുമുട്ടിക്കും.
റോഡുകൾക്ക് വീതി കൂട്ടണമെങ്കിൽ കെട്ടിടങ്ങൾ ഇടിച്ചുനിരത്തേണ്ടി വരും. അതിനു പകരമാണ്, മേഖലയെ വാഹന മുക്തമാക്കാനുള്ള തീരുമാനം. 6,500 കിലോമീറ്റർ നടപ്പാത ശൃംഖലയുടെ രൂപരേഖയും തയാറാക്കുന്നുണ്ട്. 160 പ്രദേശങ്ങളിലായാണ് ഇത്രയും നീളത്തിൽ നടപ്പാത ഒരുക്കുക. ദുബായിക്കു കൂടുതൽ ഹരിതഭംഗി നൽകുന്നതിനും വാഹന ഉപയോഗം കുറച്ച്, പരമാവധി കാർബൺ സാന്നിധ്യം ഒഴിവാക്കുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.