• Sun. Jan 19th, 2025

24×7 Live News

Apdin News

ദുബായിൽ തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാക്കും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 19, 2025


Posted By: Nri Malayalee
January 18, 2025

സ്വന്തം ലേഖകൻ: തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയാലും തൊഴിൽകരാർ റദ്ദാകും. കാലാവധി രേഖപ്പെടുത്താതെ തയാറാക്കിയ തൊഴിൽ കരാറുകൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അപേക്ഷ പ്രകാരം റദ്ദാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളിക്കെതിരെ കോടതി അന്തിമവിധി പുറപ്പെടുവിക്കുകയും മൂന്ന് മാസത്തിൽ കുറയാത്ത തടവ് വിധിക്കുകയും ചെയ്യുക, ജോലി ചെയ്യുന്ന കമ്പനി അടച്ചുപൂട്ടുക എന്നീ സാഹചര്യത്തിലും തൊഴിൽ കരാർ അസാധുവാകും. വിവിധ സംശയങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധികളിൽപെട്ട് സ്ഥാപനം പാപ്പരായതായി പ്രഖ്യാപിക്കപ്പെട്ടാൽ, നിലവിലെ തൊഴിലാളികളുടെയെല്ലാം കരാർ റദ്ദാകും.

കമ്പനിക്ക് പുതിയ പദ്ധതികൾ നടപ്പാക്കാൻ ഇല്ലാത്ത സാഹചര്യത്തിലും തൊഴിലുടമ കാരണമല്ലാതെ തൊഴിലാളി ലേബർ കാർഡ് പുതുക്കാൻ മടിച്ചാലും കരാർ റദ്ദാക്കാം. സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താലും വീസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്.

വീസ മാറ്റ നടപടികൾ പൂർത്തിയാക്കാതെ മറ്റിടങ്ങളിൽ ജോലി ചെയ്താൽ തൊഴിലുടമയ്ക്ക് നിലവിലുള്ള കരാർ റദ്ദാക്കി പിരിച്ചുവിടാനും മന്ത്രാലയം അനുമതി നൽകി. ജോലി ചെയ്യുന്ന കമ്പനിയുടെ രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നവരെയും പിരിച്ചുവിടാം. ആശയപരമായോ നിർമാണപരമായതോ ആയ കമ്പനി രഹസ്യങ്ങൾ പുറത്തു വിടാൻ പാടില്ലെന്നതാണു തൊഴിൽ നിയമം. വ്യാജ തൊഴിൽ രേഖകൾ നൽകിയാലും വേഷം മാറി ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പ് കൂടാതെ തൊഴിൽ കരാർ റദ്ദാക്കാം.

തൊഴിലുടമയക്ക് നഷ്ടം വരുത്തിയാലും മനഃപൂർവം തൊഴിൽ മുതൽ നശിപ്പിച്ചാലും തൊഴിലിന്റെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്കായി സ്ഥാപനം സ്വീകരിച്ച ആഭ്യന്തര മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലും പിരിച്ചുവിടാം. ജോലി സമയത്ത് ലഹരി ഉപയോഗിക്കുകയോ തൊഴിലിടങ്ങളിൽ സദാചാര വിരുദ്ധമായി പെരുമാറുകയോ ചെയ്താലും തൊഴിൽകരാർ റദ്ദാക്കാം.

തൊഴിലുടമ, മാനേജർ, ഏതെങ്കിലും വകുപ്പ് തലവൻമാർ, സഹപ്രവർത്തകർ എന്നിവരെ കയ്യേറ്റം ചെയ്താലും വീസ റദ്ദാക്കാം. വർഷത്തിൽ 20 ദിവസത്തിൽ കൂടുതൽ പലപ്പോഴായി ജോലിയിൽ നിന്ന് വിട്ടു നിന്നാൽ തൊഴിൽ കരാർ റദ്ദാക്കാനാകും. ഒരാഴ്ച തുടർച്ചയായി ജോലിയിൽ നിന്ന് മുങ്ങുന്നവരെയും പിരിച്ചുവിടാം. തൊഴിൽ പദവികൾ ദുരപയോഗം ചെയ്താലും തൊഴിലുടമയ്ക്ക് കരാർ റദ്ദാക്കാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

By admin