• Sun. Nov 24th, 2024

24×7 Live News

Apdin News

ദുബായിൽ ബന്ധുക്കൾക്ക് സന്ദർശക വീസ ലഭിക്കാൻ വാടക കരാർ നിർബന്ധം: പുതിയ നിർദേശങ്ങൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 24, 2024


Posted By: Nri Malayalee
November 23, 2024

സ്വന്തം ലേഖകൻ: ദുബായിൽ രക്തബന്ധമുള്ളവരെ കൊണ്ടുവരാനുള്ള ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ വാടക കരാർ നിർബന്ധം. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും മടക്ക ടിക്കറ്റും നിർബന്ധമാണെന്ന എമിഗ്രേഷൻ തീരുമാനം കഴിഞ്ഞ ദിവസം മനോരമ ഒാൺലൈനാണ് ആദ്യമായി റിപ്പോർട് ചെയ്തത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.

30 ദിവസത്തെ വീസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ 1 മുതൽ 30 ദിവസം വരെയുള്ള ഏത് ഹോട്ടൽ ബുക്കിങ് കാലയളവും സ്വീകാര്യമാണ്. 60 ദിവസത്തെ വീസാ അപേക്ഷയാണെങ്കിൽ ഹോട്ടൽ ബുക്കിങ് കാലയളവ് 35 മുതൽ 60 ദിവസത്തേയ്ക്കായിരിക്കണം. കൂടാതെ മടക്ക ടിക്കറ്റും ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങിലെ തീയതികളും റൗണ്ട് ട്രിപ്പ് ടിക്കറ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

സമാന കാലതാമസം നേരിട്ടേക്കാവുന്ന എക്സ്പ്രസ് ആപ്ലിക്കേഷനുകളും എ2എ (എയർപോർട്ട്-ടു-എയർപോർട്ട്) ആപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടുന്നു. എന്തെങ്കിലും സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ വീസ അംഗീകരിക്കുന്നത് വരെ ടിക്കറ്റ് നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ശുപാർശ ചെയ്യുന്നു.

ചില അപേക്ഷകൾക്ക് ഐടിയുമായി ബന്ധപ്പെട്ട കാലതാമസം നേരിടാം. വീണ്ടും സമർപ്പിക്കലുകൾ ആവശ്യമായി വന്നേക്കാം. ഇപ്പോൾ ഡമ്മി ബുക്കിങ്ങുകൾക്ക് ഒരു ഗ്യാരണ്ടിയും നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

അറ്റാച്ച് ചെയ്ത രേഖകൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കാരണം വ്യക്തമാക്കാതെ ഇമിഗ്രേഷൻ അപേക്ഷകൾ നിരസിച്ചേക്കാം. അനാവശ്യമായ കാലതാമസങ്ങളോ നിരസിക്കലുകളോ ഒഴിവാക്കാൻ ഈ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ അഭ്യർഥിച്ചു.

ടൂറിസ്റ്റ്, സന്ദർശക വീസ നിയമം കർശനമാക്കിയതോടെ വീസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലയുന്നുണ്ട്. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങിയെത്താനാകാതെ വെട്ടിലായത്. ഇവരിൽ വനിതകളുമുണ്ട്.

രാജ്യംവിടാതെ രണ്ട് തവണയായി ഒരുമാസം വീതം വീസ കാലാവധി നീട്ടാൻ വ്യവസസ്ഥയുണ്ടെങ്കിലും ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ എക്സിറ്റ് അടിച്ച് രാജ്യത്തിന് പുറത്തുപോയി വീണ്ടും പുതിയ വീസ എ‍ടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനുള്ള ചെലവ് കണക്കിലെടുത്ത് ട്രാവൽ ഏജൻസി മുഖേന മിക്കവരും ജിജിസി രാജ്യങ്ങളിലേയ്ക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി യാത്ര ചെയ്യുന്നത്.

സന്ദർശക വീസയിലെത്തി നാട്ടിലേയ്ക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്. ഇത്തരക്കാർക്ക് പിഴ കൂടാതെ താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനും പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയിട്ടുമുണ്ട്. പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

By admin