സ്വന്തം ലേഖകൻ: ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യുഎഇയുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈസ്പീഡ് റെയിലും ട്രാക്കിലാകുന്നു. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന ദുബായ്-അബുദാബി അതിവേഗ പാതയിൽ 2030ന് സർവീസ് ആരംഭിക്കും.
റെയിൽ പാതയുടെ സിവിൽ വർക്സ്, സ്റ്റേഷൻ പാക്കേജുകൾ എന്നിവ രൂപകൽപന ചെയ്യാനും നിർമിക്കാനുമാണ് ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചത്. മേയിൽ നിർമാണം ആരംഭിക്കും.
4 ഘട്ടങ്ങളായി നിർമിക്കുന്ന ഹൈസ്പീഡ് റെയിലിന്റെ രണ്ടാം ഘട്ടത്തിൽ അബുദാബി നഗരത്തിനുള്ളിൽ 10 സ്റ്റേഷനുകളുള്ള ഇൻ-സിറ്റി റെയിൽ വേ ശൃംഖല വികസിപ്പിക്കും.
മൂന്നാം ഘട്ടത്തിൽ അബുദാബിയെയും അൽഐനെയും ബന്ധിപ്പിക്കും. നാലാം ഘട്ടത്തിൽ ദുബായിൽനിന്ന് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളെയും അതിവേഗ പാതയുമായി ബന്ധിപ്പിക്കും.
മണിക്കൂറിൽ 320 കി.മീ വേഗത്തിലാകും അതിവേഗ ട്രെയിൻ കുതിക്കുക. ആദ്യഘട്ടത്തിൽ അബുദാബി അൽസാഹിയ മുതൽ ദുബായ് ജദ്ദാഫ് വരെയാണ് 150 കി.മീ. ട്രാക്ക് ഒരുക്കുന്നത്. ഇതിൽ 31 കി.മീ തുരങ്കമാണ്.
സ്റ്റേഷനുകൾ
അൽ സാഹിയ (എഡിടി), സാദിയാത്ത് ദ്വീപ് (എഡിഎസ്), യാസ് ഐലൻഡ് (യാസ്), അബുദാബി എയർപോർട്ട് (എയുഎച്ച്), ജദ്ദാഫ് (ഡിജെഡി) എന്നീ 5 സ്റ്റേഷനുകൾ. ഇതിൽ എ.ഡി.ടി, എ.യു.എച്ച്, ഡി.ജെ.ഡി എന്നിവ ഭൂഗർഭ സ്റ്റേഷനുകളായിരിക്കും.
ദൈർഘ്യം അര മണിക്കൂർ
പദ്ധതി യാഥാർഥ്യമാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ രണ്ടു നഗരങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും തമ്മിലുള്ള യാത്രാ ദൈർഘ്യം അരമണിക്കൂറായി കുറയും.
നിർമാണ ഘട്ടങ്ങൾ
എ. അൽ-സാഹിയ മുതൽ യാസ് ദ്വീപ് വരെ (23.5 കി.മീ)
ബി. യാസ് ദ്വീപ് മുതൽ അബുദാബി/ദുബായ് അതിർത്തി വരെ (64.2 കി.മീ)
സി. അബുദാബി/ദുബായ് അതിർത്തി മുതൽ ജദ്ദാഫ് വരെ (52.1 കി.മീ)
ഡി. ഡെൽറ്റ ജംക്‌ഷൻ മുതൽ അബുദാബി എയർപോർട്ട് സ്റ്റേഷൻ വരെ (9.2 കി.മീ).