![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-08-165102-640x334.png?resize=640%2C334)
സ്വന്തം ലേഖകൻ: മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ച ഇൻഷുറൻസ് പാക്കേജുകളിൽ വിട്ടുമാറാത്ത രോഗങ്ങൾക്കും ചികിത്സ ലഭിക്കും. ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന രോഗങ്ങളും ഇൻഷുറൻസിന്റെ പരിധിയിൽ വരുമെന്നു മന്ത്രാലയം അറിയിച്ചു.
വീസ നടപടികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതിനാൽ, തൊഴിലാളികൾക്ക് അടിസ്ഥാന ചികിത്സാനുകൂല്യം ലഭിക്കുന്ന പാക്കേജ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 7 ആശുപത്രികൾ, 46 മെഡിക്കൽ സെന്ററുകൾ, 45 ഫാർമസികൾ എന്നിവ മന്ത്രാലയം പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും. ‘ദുബായ് കെയർ’ വഴി തൊഴിലാളികൾക്ക് ഈ പാക്കേജിന്റെ ഭാഗമാകാം.
തൊഴിലാളികളുടെ ആശ്രിത വീസയിലുള്ള കുടുംബാംഗങ്ങൾക്കും വ്യവസ്ഥകളോടെ ഇഷ്ട പാക്കേജുകൾ തിരഞ്ഞെടുക്കാനാകും. വിവിധ ഇൻഷുറൻസ് പാക്കേജുകളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്റെയും ഇതര സർക്കാർ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളിൽ ലഭ്യമാണ്.
നിർദിഷ്ട ഇൻഷുറൻസ് പാക്കേജുകളിൽ ഓൺലൈൻ വഴി ഡോക്ടർമാരുമായി കൺസൽറ്റ് ചെയ്യാൻ സൗകര്യവുമുണ്ട്. രോഗികൾക്ക് ആശുപത്രികളും ക്ലിനിക്കുകളും സന്ദർശിക്കാതെ ചികിത്സ ലഭിക്കുമെന്നതാണ് ഗുണം. ഫാർമസി ചെലവുകൾ മാത്രം വഹിച്ചാൽ മതി.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ആരോഗ്യ-സാമൂഹ്യ സുരക്ഷാ മന്ത്രാലയം, എമിറേറ്റിലെ നിരവധി ഇൻഷുറൻസ് കമ്പനികൾ എന്നിവയുമായി സഹകരിച്ചാണ് കഴിഞ്ഞമാസം മുതൽ വീസ നടപടികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയത്. ചെറിയ വരുമാനക്കാരായ തൊഴിലാളികൾക്കുള്ള പാക്കേജുകൾ ചെലവ് കുറഞ്ഞതാണ്.
തൊഴിലാളികളുടെ ഇൻഷുറൻസ് നിരക്ക് തൊഴിലുടമകളുടെ ബാധ്യതയാണ്. തൊഴിലാളികൾക്കായി പുതിയതും പുതുക്കുന്നതുമായ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് രേഖ ഹാജരാക്കണം. അതിനുള്ള ചെലവ് തൊഴിലുടമ വഹിക്കണമെന്ന് തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖലീൽ അൽഖൂരി അറിയിച്ചു. ഒരു വയസ്സ് മുതൽ 64 വയസ്സ് വരെയുള്ളവർക്ക് ഒരു വർഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 320 ദിർഹമാണ് മന്ത്രാലയം പ്രഖ്യാപിച്ച അടിസ്ഥാന ഇൻഷുറൻസ് പാക്കേജ് നിരക്ക്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയോ ചെയ്താൽ ചികിത്സാച്ചെലവിന്റെ 20% പണമടച്ചാൽ മതി. ഓരോ സന്ദർശനത്തിനും മരുന്നുകൾ ഉൾപ്പെടെ 500 ദിർഹത്തിന്റെ ഇൻഷുറൻസ് ലഭിക്കും. ഒരു വർഷം പരമാവധി ആയിരം ദിർഹത്തിന്റെ ചികിത്സയാണ് അനുവദിക്കുക.
കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികൾ (ഒപി) മെഡിക്കൽ സന്ദർശനങ്ങൾ, ഡയഗ്‌നോസ്റ്റിക് പരിശോധനകൾ, ലളിതമായ ശസ്ത്രക്രിയകൾ എന്നിവയ്ക്ക് 25% നിരക്ക് അടയ്ക്കണം. ഒരേ അസുഖത്തിന് 7 ദിവസത്തിനുള്ളിൽ തുടർസന്ദർശനം നടത്തിയാൽ മൊത്തം നിരക്കിന്റെ 30% അടയ്ക്കണം. മരുന്നുകൾക്കായി പ്രതിവർഷം 1,500 ദിർഹം വരെ പരിരക്ഷ ലഭിക്കും.