• Wed. Dec 18th, 2024

24×7 Live News

Apdin News

ദേശീയദിനത്തിൽ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; പുരസ്കാരം നേടുന്ന ഏക വിദേശ വ്യവസായി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 18, 2024


Posted By: Nri Malayalee
December 17, 2024

സ്വന്തം ലേഖകൻ: ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്.

റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, അടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ ഇടപെടലുകൾ നടത്തി ആഗോളതലത്തിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള ഹമദ് രാജാവിന്റെ അംഗീകാരമാണ് ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയും ബഹ്‌റൈന്റെ വിവിധ മേഖലകളിലെ വികസനത്തിന് നിർണായകമായിട്ടുണ്ട്.

ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തിൽ പറഞ്ഞു. രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി ഈ വിശിഷ്ടമായ അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നതിൽ അതീവ സംതൃപ്തിയുണ്ടെന്നും ഹമദ് രാജാവ് വ്യക്തമാക്കി.

ഹമദ് രാജാവിൽ നിന്ന് ഈ മഹത്തായ അംഗീകാരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ഡോ. രവി പിള്ള പറഞ്ഞു. “ആർ.പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായ പ്രയത്‌നത്തിന്റെയും ബഹ്‌റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ അവാർഡ്. ഈ അംഗീകാരം ബഹ്‌റൈനും ഇവിടുത്തെ ജനങ്ങൾക്കുമായി സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

By admin