Posted By: Nri Malayalee
January 26, 2025
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് വിദേശങ്ങളിലേക്കും തിരികെയും യാത്ര ചെയ്യാൻ ആവശ്യമായി പാസ്പോർട്ടും ഐ.ഡിയുമെല്ലാം ഇനി മൊബൈൽഫോണിലെ ഒറ്റക്ലിക്കിൽ ഒതുങ്ങും. ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (ക്യൂ.ഡി.ഐ) സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വദേശികൾക്കും താമസക്കാർക്കും രാജ്യത്തേക്കും പുറത്തേക്കും എളുപ്പത്തിൽ യാത്ര ചെയ്യാം.
ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷൻ സർവിസായ ക്യൂ.ഡി.ഐയിലെ പാസ്പോർട്ട്, ഐ.ഡി എന്നിവ ഉപയോഗിച്ചുതന്നെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ ഗേറ്റ് നടപടികൾ പൂർത്തിയാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പങ്കുവെച്ച് വിഡിയോയിലൂടെ വിശദീകരിച്ചു. ആപ്പ് സ്റ്റോറിൽനിന്നും ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക.
ശേഷം, ട്രാവൽ ഡോക്യുമെന്റ് തെരഞ്ഞെടുത്ത് കാർഡിന് മുകളിലെ ഐകൺ സ്പർശിച്ച് മുഖം തിരിച്ചറിയൽ നടപടി പൂർത്തിയാക്കുക. തുടർന്ന് ഫോൺ ഇ ഗേറ്റ് സ്കാനിറിനോട് ചേർത്തുപിടിച്ച് യാത്രക്കാരന്റെ ഐഡന്റിറ്റി ഉറപ്പാക്കുന്നതോടെ ഗേറ്റ് തുറന്ന് പ്രവേശനം സാധ്യമാകും. ഖത്തറിലേക്ക് പ്രവേശിക്കുമ്പോഴും വിദേശങ്ങളിലേക്ക് പോകുമ്പോഴും സ്വദേശികൾക്കും താമസക്കാർക്കും രേഖകളുടെ ഒറിജിനൽ കാണിക്കാതെതന്നെ യാത്രാ നടപടി പൂർത്തിയാക്കാൻ സഹായിക്കുന്നതാണിത്.
ബയോമെട്രിക് ഡാറ്റയിലൂടെ ലോഗിൻ പൂർത്തിയാക്കാൻ കഴിയുന്ന സുരക്ഷിത സംവിധാനമാണ് ക്യൂ.ഡി.ഐ പാസ്പോർട്ട്, ഐ.ഡി , നാഷണൽ അഡ്രസ്, ഡ്രൈവിങ് ലൈസൻസ്, സ്ഥാപന രജിസ്ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് തുടങ്ങിയ ഔദ്യോഗിക രേഖകളുടെ ഡിജിറ്റൽ പകർപ്പ് വാലറ്റിൽ സൂക്ഷിക്കാവുന്നതാണ്. മന്ത്രാലയത്തിന്റെ വിവിധ സേവന വെബ്സൈറ്റുകളിൽ പ്രവേശനത്തോടൊപ്പം, ഇലക്ട്രോണിക് ഒപ്പുകൾ, രേഖാ പരിശോധന, ഡിജിറ്റൽ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ പരിശോധന തുടങ്ങിയവയും സാധ്യമാണ്.