ധാക്ക: ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ വൻ തീപിടിത്തം. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. തീ പിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഉച്ചക്കു ശേഷമാണ് തീ പിടിത്തമുണ്ടായത്. അഗ്നിശമനാ സേനാംഗങ്ങൾ സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കി.
36 അഗ്നിശമന സേനാ യൂണിറ്റുകളാണ് ദൗത്യത്തിൽ പങ്കാളികളായത്. എയർഫോഴ്സിന്‍റെ ഫയർ യൂണിറ്റുകളും തീ കെടുത്താൻ രംഗത്തെത്തി. കനത്ത പുക കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു വിമാനത്താവളത്തിന്‍റെ ഭൂരിഭാഗം പ്രദേശവും. അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ വലിയ തീപിടിത്തമാണ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ ചിറ്റഗോങ് എക്സ്പോർട് പ്രോസസിങ് സോണിലെ എട്ടുനില കെട്ടിടം അപ്പാടെ കത്തിപ്പോയിരുന്നു. ചൊവ്വാഴ്ച ധാക്കയിലെ കെമിക്കൽ വെയർഹൗസിലുണ്ടായ തീ പിടിത്തത്തിൽ 16 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.