• Thu. Mar 13th, 2025

24×7 Live News

Apdin News

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി

Byadmin

Mar 13, 2025


തെന്നിന്ത്യന്‍ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഒരാൾ രംഗത്തെത്തിയിരിക്കുന്നു.

തെലുങ്കിലെ മുതിർന്ന താരം മോഹന്‍ ബാബുവിനെതിരെയാണ് ആരോപണങ്ങള്‍. ആന്ധ്രാ പ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. സൗന്ദര്യയുടെ അപകട മരണത്തില്‍ മോഹന്‍ ബാബുവിൻ്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഷംഷാബാദിലെ ജല്‍പള്ളി ഗ്രാമത്തില്‍ സ്വന്തം പേരിലുള്ള ആറേക്കര്‍ ഭൂമി മോഹന്‍ ബാബുവിന് വില്‍ക്കാന്‍ സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും തയാറായില്ല. വിമാനാപകടത്തിൽ സൗന്ദര്യ കൊല്ലപ്പെട്ട ശേഷം മോഹന്‍ ബാബു ഭൂമി വില്‍ക്കാന്‍ സഹോദരങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

കന്നഡയില്‍ മാത്രമല്ല, തമിഴിലും മലയാളത്തിലും മിന്നിത്തിളങ്ങിനിന്ന താരമാണ് സൗന്ദര്യ. ‘സൂര്യവംശ’ത്തില്‍ അമിതാഭ് ബച്ചന്റെ നായികയായി പ്രത്യക്ഷപ്പെട്ട സൗന്ദര്യ ബോളിവുഡിലും ശ്രദ്ധ നേടിയിരുന്നു.

31 കാരിയായ സൗന്ദര്യ 2004 ഏപ്രില്‍ 17ന് ചെറുവിമാനം തകര്‍ന്നുവീണുള്ള അപകടത്തിലാണ് മരിച്ചത്. കരിംനഗറില്‍ ബിജെപിയുടെയും ടിഡിപിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി യാത്ര ചെയ്യുമ്പോഴാണ് വിമാനം കത്തിയമര്‍ന്നത്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന സൗന്ദര്യയുടെ സഹോദരനും അഗ്നി ഏവിയേഷന്റെ പൈലറ്റുമടക്കം നാലുപേരുടെ ജീവനാണ് അപകടത്തിൽ നഷ്ടമായത്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സൗന്ദര്യയുടെ ശരീരഭാഗങ്ങള്‍ പോലും പൂര്‍ണമായി കണ്ടെടുക്കാനായിരുന്നില്ല.

ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ സൗന്ദര്യ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു.

By admin