
അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാകുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രം ‘നരിവേട്ട’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സിദ് ശ്രീറാമും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലപിച്ചിരിക്കുന്ന ‘മിന്നൽ വള’ എന്ന ഗാനം സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ജെക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഗാന രംഗത്തിൽ ഗ്രാമപരിസരത്തിൽ ടോവിനോയുടെ കഥാപാത്രവും നായികയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ ടോവിനോയുടെ നായികയാകുന്നത് പ്രിയംവദ കൃഷ്ണനാണ്.
ഇരുവർക്കുമൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, തമിഴ് നടൻ ചേരൻ, ഇന്ദ്രൻസ്, അൽതാഫ് സലിം, ബാലു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ദിവ്യ പിള്ള, രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, ലാൽ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിൽ ടൊവിനോ തോമസ് ഒരു പൊലീസ് ഉദോഗസ്ഥന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.
മെയ് 16 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലറോ ടീസറോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്ന നരിവേട്ടയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ഇന്ത്യൻ ഫിലിം കമ്പനിയുടെ ബാനറിൽ ടിപ്പു ഷായും, ഷിയാസ് ഹസ്സനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.